കെജ്‌രിവാള്‍ തന്നെ മര്‍ദ്ദിച്ചയാളെ സന്ദര്‍ശിച്ചു; മാപ്പ് തരണം വോട്ട് നല്‍കാം; കെജ്‌രിവാളിനോട് ലാലി

kejriwalദില്ലി : തന്നെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ ലാലിയെ കാണാന്‍ കെജ്‌രിവാള്‍ ലാലിയുടെ വീട്ടിലെത്തി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവറുടെ വീട് സന്ദര്‍ശിച്ചത്. വീട്ടിലെത്തിയ കെജ്‌രിവാളിനോട് നിറകണ്ണുകളോടെ തനിക്ക് തെറ്റുപറ്റിയെന്നും മാപ്പു തരണമെന്നും ലാലി ആവശ്യപ്പെട്ടു. തെറ്റിദ്ധാരണകൊണ്ടാണ് താന്‍ ഇങ്ങനെ പെരുമാറിയത് എന്നും തന്റെ വോട്ട് ആംആദ്മി പാര്‍ട്ടിക്കാണെന്നും ലാലി പറഞ്ഞു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പൂരില്‍ റോഡ്‌ഷോ നടത്തുന്നതിനിടയിലാണ് കെജ്‌രിവാളിന് മര്‍ദ്ദനമേറ്റത്. പ്രചരണ വാഹനത്തില്‍ കയറിയ ലാലി കെജ്‌രിവാളിന് മാലയണിയിച്ച ശേഷം അദ്ദേഹത്തിന്റെ കരണത്തടിക്കുകയായിരുന്നു.

കെജ്‌രിവാള്‍ 49 ദിവസത്തിന് ശേഷം ഭരണം ഉപേക്ഷിച്ച് രാജി സമര്‍പ്പിച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിച്ചത് എന്നായിരുന്നു ലാലിയുടെ വിശദീകരണം.