Section

malabari-logo-mobile

കാവാലം അരങ്ങൊഴിഞ്ഞു

HIGHLIGHTS : തിരുവനന്തപുരം: തനതുനാടകപ്രസ്ഥാനത്തിന്റെ കുലപതിയുമായ കാവാലം നാരായണപണിക്കര്‍( 88) അരങ്ങൊഴിഞ്ഞു. തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വീട്ടില്‍ ഞായറാഴ്ച രാത...

kavalamതിരുവനന്തപുരം: തനതുനാടകപ്രസ്ഥാനത്തിന്റെ കുലപതിയുമായ കാവാലം നാരായണപണിക്കര്‍( 88) അരങ്ങൊഴിഞ്ഞു. തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വീട്ടില്‍ ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ആലപ്പുഴ കാവാലത്തെ ചാലയിലെ വീട്ടില്‍. തിങ്കളാഴ്ച തിരുവനന്തപുരത്ത് മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും.

കവി, ഗാനരചയിതാവ്, സോപാന സംഗീത പണ്ഡിതന്‍, നാടക ഗവേഷകന്‍ തുടങ്ങിയ നിലകളിലും അതുല്യസംഭവാന നല്‍കി. കേരളത്തിന്റെ ക്ളാസ്സിക്കും നാടോടികലകള്‍ നാടകവുമായി സംയോജിപ്പിച്ച് മലയാളത്തിന്റെ തനത് നാടകവേദി  രൂപപ്പെടുത്തിയതില്‍ വലിയപങ്കുവഹിച്ചു. കാവാലം എഴുതി അരവിന്ദന്‍ സംവിധാനം ചെയ്ത അവനവന്‍ കടമ്പ മലയാള നാടകചരിത്രത്തിലെ നാഴികകല്ലായി.

sameeksha-malabarinews

അമ്മാവനായ സര്‍ദാര്‍ കെ എം പണിക്കര്‍ ചെറുപ്പത്തിലേ കവിതാരചനയില്‍ പ്രോത്സാഹനം നല്‍കി. കുട്ടനാടിന്റെ നാടന്‍താളവും നാടോടി പാരമ്പര്യവും നെഞ്ചേറ്റിയ കാവാലം ക്രമേണ നാടകത്തിലേക്ക് വഴിമാറി. 1964ല്‍ അവതരിപ്പിച്ച സാക്ഷിയായിരുന്നു ആദ്യനാടകം. 1974ല്‍ തിരുവരങ്ങ് നാടക സംഘത്തിന് രൂപം നല്‍കി. ‘അവനവന്‍ കടമ്പ’ യായിരുന്നു തിരുവരങ്ങിന്റെ ആദ്യരംഗാവിഷ്കാരം. 1980ല്‍ ‘സോപാനം’ എന്ന രംഗകലാ ഗവേഷണകേന്ദ്രം ആരംഭിച്ചു. 2007ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു.

അഗ്നിവര്‍ണന്റെ കാലുകള്‍, ദൈവത്താര്‍, ഒറ്റയാന്‍, മാറാട്ടം, കരിങ്കുട്ടി, തെയ്യത്തെയ്യം തുടങ്ങിയവയാണ് പ്രശസ്ത നാടകങ്ങള്‍. മഹാകവി വ്യാസന്റെ മധ്യമവ്യായോഗം, കര്‍ണഭാരം, ഊരുഭംഗം, ദൂതവാക്യം, സ്വപ്നവാസവദത്തം, കാളിദാസന്റെ ശാകുന്തളം, വിക്രമോര്‍വശീയം എന്നീ സംസ്കൃതനാടകങ്ങള്‍ സംവിധാനംചെയ്ത് ഇന്ത്യയിലും വിദേശത്തും അവതരിപ്പിച്ചു. കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍, കേന്ദ്ര സംഗീതനാടക അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഉപദേശകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

നാടകസംവിധാനത്തിന് ദേശീയ പുരസ്കാരം, 2002ല്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, നന്ദികാര്‍ അവാര്‍ഡ്, മധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ സമ്മാന്‍, കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്്. 1978ല്‍ വാടകയ്ക്കൊരു ഹൃദയം, 1982ല്‍ മര്‍മരം എന്നീ ചിത്രങ്ങളിലെ ഗാനരചനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകളും ലഭിച്ചു.

ആലപ്പുഴ കുട്ടനാട്ടിലെ കാവാലം ഗ്രാമത്തില്‍ 1928 ഏപ്രില്‍ 28 നായിരുന്നു ജനനം. അച്ഛന്‍ ഗോദവര്‍മ, അമ്മ കുഞ്ഞുലക്ഷ്മി. കേരള സര്‍വകലാശാലയില്‍നിന്ന് ബിഎയും മദ്രാസ് സര്‍വകലാശാലയില്‍നിന്ന് നിയമബിരുദവും നേടി. കുറച്ചുകാലം ആലപ്പുഴ ജില്ലാകോടതിയില്‍ അഭിഭാഷകനായി.

ശാരദാമണിയാണ് ഭാര്യ. മക്കള്‍: പരേതനായ കാവാലം ഹരികൃഷ്ണന്‍, സംഗീതജ്ഞന്‍ കാവാലം ശ്രീകുമാര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!