കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്; സര്‍ക്കാരിനെ എതിര്‍ത്ത് യൂത്ത് ലീഗിന്റെ വിമര്‍ശനം

Sadiq-aliതിരു: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചും മുസ്ലീം ലീഗിനെ തള്ളിയും യൂത്ത് ലീഗ് രംഗത്തെത്തി.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. ഇത് ഭരണ നേതൃത്വത്തിലെ വീഴ്ചയാണെന്നും ആരോപിച്ചു.

അതേ സമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സിപിഐഎം രാഷ്ട്രീയം കളിക്കുകയാണെന്നും എന്നാല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ അങ്ങനെയാകാന്‍ പാടില്ല എന്നും പറയുന്നു.

പശ്ചിമഘട്ടം അവിടെ വസിക്കുന്നവരുടെ മാത്രമല്ല എല്ലാ ജീവവജാലങ്ങളുടേതുമാണ്. പശ്ചിമഘട്ടം നിലനിര്‍ത്താന്‍ ഇനി ഏത് അവദൂതന്റെ റിപ്പോര്‍ട്ടാണ് നമുക്ക് വേണ്ടി വരികയെന്നും നേതൃത്വത്തിനോടും സര്‍ക്കാരിനോടും പരിഹാസത്തോടെ ചോദിക്കുന്നുണ്ട്.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പിഎം സാദിഖലി തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പ്രതികരണമാണിത്.

ഏതായാലും സംഘടനയെ മറികടന്നുള്ള യൂത്ത് ലീഗ് അദ്ധ്യക്ഷന്റെ ഫേസ്ബുക്ക് പോസ്റ്റ് വരും ദിനങ്ങളില്‍ പാര്‍ട്ടിക്ക് തലവേദനയാകുമെന്ന കാര്യത്തില്‍ സംശയമില്ല.