കശ്മീരിൽ പിഡിപി നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു

ജമ്മു : ജമ്മുകശ്മീരില്‍ ഭരണകക്ഷിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് അബ്ദുൽ ഗനി ദർ ഭീകരരുടെ വെടിയേറ്റു മരിച്ചു. ദക്ഷിണ കശ്മീരിലെ പിൻഗ്ലാൻ പ്രദേശത്തുവച്ചാണ് പിഡിപി പുൽവാമ ജില്ലാ പ്രസിഡന്റു കൂടിയായ അബുദുൽ ഗനിക്കു വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ഗനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

ശ്രീനഗറിലേക്കു പോവുകയായിരുന്ന ഗനിക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉടൻതന്നെ അദ്ദേഹത്തെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോൺഗ്രസിലായിരുന്ന അബ്ദുൽ ഗനി ദർ 2014ലാണ് പിഡിപിയിൽ ചേർന്നത്.

സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ്  അബ്ദുൽ ഗനി ദർ ഭീകരരുടെ വെടിയേറ്റു മരിച്ചത്.