കാര്‍ത്തികേയന്റെ സംസ്‌കാരം നാളെ: സംസ്ഥാനത്ത് ഒരാഴ്ച ദുഃഖാചരണം

KARTHIKEYAN edittedതിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന് രാഷ്ട്രീയ കേരളം നാളെ (08-03-2015) വിടപറയും. വൈകിട്ട് ആറിന് ശാന്തികവാടത്തിലായിരിക്കും ഔദ്യോഗിക ബഹുമതിയോടെ ഭൗതികശരീരം സംസ്‌കരിക്കുക.

ബംഗലൂരുവിലെ ആശുപത്രിയില്‍ നിന്നും ഇന്ന് വൈകിട്ട് സ്പീക്കറുടെ ഔദ്യോഗിക വസതിയായ നഭസ്സില്‍ എത്തിക്കുന്ന ഭൗതിക ദേഹം നാളെ രാവിലെ ഒമ്പത് മണിക്ക് നിയമസഭ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

10 മണിയോടെ ദര്‍ബാര്‍ ഹാളിലും 11 ന് കെ പി സി സിയിലും പൊതുദര്‍ശനത്തിന് വയ്ക്കും. ഒരു മണിക്ക് സ്വന്തം മണ്ഡലമായ ആര്യനാട് സര്‍ക്കാര്‍ സ്‌കൂളിലും 3.30ന് കുടുംബവസതിയായ ശാസ്തമംഗലത്തെ അഭയയിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകിട്ട് ആറു മണിയോടെ ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

കാര്‍ത്തികേയന്റെ വിയോഗത്തെ തുടര്‍ന്ന് ഇന്നു മുതല്‍ സംസ്ഥാനത്ത് ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്കു ശേഷം പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കുകയും ചെയ്തു.