ദേശീയഗാനത്തിനിടെ ഗവര്‍ണര്‍ വേദി വിട്ടു

vajubhaiബെംഗളൂരു: ദേശീയഗാനം ആലപിക്കുന്നതിനിടെ കര്‍ണാടക ഗവര്‍ണര്‍ വേദിയില്‍ നിന്നും ഇറങ്ങി നടന്നു. ബെംഗളൂരുവിലാണ് സംഭവം. സംസ്ഥാന ഗവര്‍ണര്‍ വാജുഭായി രുധഭായി വാലയ്ക്കാണ് ഇങ്ങനെ ഒരു അബദ്ധം പറ്റിയത്. കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറിയെത്തിയ ജസ്റ്റിസ് രാഘവേന്ദ്ര സിംഗ് ചൗഹാന്റെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞതും ഗവര്‍ണര്‍ വേദി വിടുകയായിരുന്നു.

രാജ്ഭവനിലെ ദര്‍ബാര്‍ ഹാളാണ് അസാധാരണമായ രംഗങ്ങള്‍ക്ക് സാക്ഷിയായത്. ചടങ്ങ് അവസാനിക്കുന്നതിന് മുന്നോടിയായി ദേശീയഗാനം ആലപിക്കുന്നതിനിടെയായിരുന്നു ഇത്. ഉടന്‍ തന്നെ ഒരു സഹായി അടുത്തെത്തി ഗവര്‍ണറെ വിവരം ധരിപ്പിച്ചു. അബദ്ധം തിരിച്ചറിഞ്ഞ ഗവര്‍ണര്‍ വേദിയിലേക്ക് തിരിച്ചെത്തി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ചീഫ് സെക്രട്ടറി തുടങ്ങിയവരും വേദിയില്‍ ഉണ്ടായിരുന്നു.

പ്രസിഡണ്ട് പ്രണബ് മുഖര്‍ജി അടുത്തിടെയാണ് ജസ്റ്റിസ് രാഘവേന്ദ്ര സിംഗ് ചൗഹാനെ കര്‍ണാടക കോടതിയിലേക്ക് സ്ഥലം മാറ്റിയത്. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങായിരുന്നു ചൊവ്വാഴ്ച. സംസ്ഥാന ഗവര്‍ണര്‍ വാജുഭായി രുധഭായി വാല ബോധപൂര്‍വ്വം ദേശീയഗാനത്തെ അപമാനിക്കാന്‍ മുതിര്‍ന്നതല്ല എന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. തിടുക്കത്തില്‍ അങ്ങനെ സംഭവിച്ചുപോകുകയായിരുന്നു. തെറ്റ് തിരിച്ചറിഞ്ഞ അദ്ദേഹം വേദിയിലേക്ക് തിരിച്ചെത്തിയെന്നും വിശദീകരണത്തില്‍ പറയുന്നു.