കര്‍ണാടകയില്‍ തൂക്ക് മന്ത്രിസഭ; കുമാരസ്വാമി താരമാകും

ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപി
കുമാരസ്വാമിയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ്

ബംഗളൂരു: മാറിമറിഞ്ഞ ലീഡ് നിലകള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന മോഹത്തിന് തിരിച്ചടി. ഏറ്റവും വലിയ ഒറ്റകക്ഷിയായി 105 സീറ്റോടെ ബിജെപി മുന്നിലെത്തിയെങ്കിലും കേവല ഭൂരിപക്ഷം തികയ്ക്കാനായില്ല. ഈ സാഹചര്യത്തില്‍ നാടകീയ രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനവും സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള പിന്‍തുണയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.

കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദും, കെ സി വേണുഗോപാലും, മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുമായി ചര്‍ച്ചകള്‍ നടത്തി. സോണിയാഗാന്ധി തന്നെ നേരിട്ട് ദേവഗൗഡയെ വിളിച്ച് പിന്തുണ അറിയിച്ചു.

77 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 37 സീറ്റാണ് ജനതാദളിന് ലഭിച്ചത്. മറ്റുള്ളവ മൂന്ന്‌,
നിലവിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ ജെഡിഎസിന് തങ്ങളുടെ പിന്തുണ നല്‍കുന്ന വിവരം ഗവര്‍ണറെ അറിയച്ചുകഴിഞ്ഞു. കുമാര സ്വാമി ജെഡിഎസിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഇന്ന് ഗവര്‍ണറെ അറിയിക്കും.

ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ സാധിച്ചിട്ടും ഭരണം ലഭിക്കില്ലെന്ന അവസ്ഥ ഒഴിവാക്കാന്‍ ബിജെപിയും കഠിനമായി പരിശ്രമിക്കുന്നുണ്ട്. ജെഡിഎസിന്റെ പിന്‍തുണ തങ്ങള്‍ക്ക് ലഭിക്കാന്‍ മറുതന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ മന്ത്രി സഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന ആവശ്യം ഇവര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ വെച്ചുകഴിഞ്ഞു.

Related Articles