കര്‍ണ്ണാടക വൈദ്യുതി വില്‍പ്പന നിരോധിച്ചു; കേരളം വൈദ്യുത പ്രതിസന്ധിയിലേക്ക്

Karnataka-Power-Corporation-LTD (1)തിരു : തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി കര്‍ണ്ണാടക വൈദ്യുതി വില്‍പ്പന നിരോധിച്ചു. ഇതേതുടര്‍ന്ന് കേരളം കര്‍ണ്ണാടകയില്‍ നിന്ന് വാങ്ങുന്ന 400 മെഗാവാട്ട് വൈദ്യുതി കേരളത്തിന് കിട്ടാതാകും. കര്‍ണ്ണാടകത്തിന്റെ ഈ നിരോധനത്തിനെതിരെ കേരളം കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കി.

കര്‍ണ്ണാടകത്തിന്റെ ഈ നിരോധനം നടപ്പില്‍ വന്നാല്‍ കേരളത്തില്‍ ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരും. എന്നാല്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഏപ്രില്‍ 10 വരെ ഇതിന് സാധ്യമല്ല. അതുകൊണ്ട് തന്നെ കായം കുളം, ബിഎസ്ഇഎസ് നിലയങ്ങളില്‍ നിന്ന് വര്‍ദ്ധിച്ച വിലക്കുള്ള വൈദ്യുതി വിതരണം ചെയ്യേണ്ടതായി വരും. ഈ അധിക ചെലവ് താപവൈദ്യുതി സര്‍ചാര്‍ജ്ജായി പിന്നീട് ജനം തന്നെ നല്‍കണം. നിലവില്‍ കായംകുളത്ത് നിന്ന് തമിഴ്‌നാടിന് കേരളം വൈദ്യുതി നല്‍കുന്നുണ്ട്. എന്നാല്‍ പ്രതിസന്ധി വന്ന ഘട്ടത്തില്‍ ഇത് നിര്‍ത്തേണ്ടി വരുന്നത് ബോര്‍ഡിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. എന്നാല്‍ ലോഡ്‌ഷെഡ്ഡിംഗിന് സാഹചര്യമില്ലെന്ന് വൈദ്യുതിബോര്‍ഡ് അറിയിച്ചു.

ഇതു സംബന്ധിച്ച് മാര്‍ച്ച് 26 നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇത് നടപ്പിലാക്കണമെന്നാണ് നിര്‍ദ്ദേശം. ജൂണ്‍ 30 വരെയാണ് നിയന്ത്രണം. കേരളത്തിന് വൈദ്യുതി നല്‍കുന്ന ഉല്‍പാദകരുമായി കേരള വൈദ്യുതി ബോര്‍ഡ് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ ഈ നിരോധനം നിയമ വിധേയമല്ലെന്നും അതുകൊണ്ട് ഇത് അനുസരിക്കേണ്ടതില്ലെന്നുമാണ് നിലപാട്.

കര്‍ണ്ണാടക വൈദ്യുതി നിരോധിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണ ഗ്രിഡ്ഡില്‍ തിരക്ക് കുറയുകയും ഈ സാഹചര്യത്തില്‍ മറ്റ് ഇടങ്ങളില്‍ നിന്ന് വൈദ്യുതി കൊണ്ട് വരുവാനായി ഈ ലൈന്‍ പ്രയോജനപ്പെടുത്താന്‍ അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

Related Articles