കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിള്ളലുകള്‍

CCJ_shaajol_shameel_calicutinternationalairport_1g1k79mddtകോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചിടാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. റണ്‍വേ പുനര്‍ നിര്‍മിക്കാനാണ് ഇതെന്നാണ് വാര്‍ത്തകള്‍. ഒരു വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെടുക.

വിമാനത്താവളത്തിലെ റണ്‍വേയുടെ സ്ഥിതി അപകടകരമാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടെ റണ്‍വേയില്‍ 54 വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബലക്ഷയവും പ്രശ്‌നമാണ്. കേന്ദ്ര റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് റണ്‍വേയുടെ അപകടാവസ്ഥ കണ്ടെത്തിയത്. നിലവിലെ സാഹചര്യത്തില്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാന്‍ കഴിയില്ല.

ദിവസവും എട്ട് മണിക്കൂര്‍ വിമാനത്താവളം അടച്ചിടാനാണ് പദ്ധതി. ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് മണിവരെ ആയിരിക്കും ഇത്. റണ്‍വേ പുനര്‍ നിര്‍മാണവും അറ്റകുറ്റപ്പണികളും ഈ സമയം നടത്തും. അറ്റകുറ്റപ്പണികള്‍ക്കായി വിമാനത്താവളം അടക്കുന്നതോടെ പല വിദേശ വിമാനക്കമ്പനികളുടേയും വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാന്‍ കഴിയാതെ വരും.

മെയ് ഒന്നുമുതല്‍ ആയിരിക്കും വിമാനത്താവളത്തിന്റെ പ്രവര്‍ത്തന സമയം കുറക്കുക. അടുത്ത ഹജ്ജ് സര്‍വ്വീസിനേയും കരിപ്പൂരിലെ വിമാനത്താവള അറ്റകുറ്റപ്പണി ബാധിച്ചേക്കും. വലിയ വിമാനങ്ങള്‍ ഒഴിവാക്കി ചെറുവിമാനങ്ങളുടെ സര്‍വ്വീസ് നടത്തുകയായിരിക്കും വിദേശ വിമാനക്കമ്പനികളുടെ മുന്നിലുള്ള വഴി. മലബാറില്‍ നിന്നുള്ള പ്രവാസികളെയാണ് ഇത് കൂടുതല്‍ ബാധിക്കുക.

Related Articles