കണ്ണൂരില്‍ നഗരത്തിലിറങ്ങിയ പുലിയെ പിടികൂടി

കണ്ണൂര്‍: കണ്ണൂരില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി നഗത്തിലിറങ്ങിയ പുലിയെ പടികൂടി. തായത്തെരു റെയില്‍വേ ട്രാക്കിനു സമീപത്തെ പൊന്തയ്ക്കുള്ളില്‍ ഒളിച്ചിരുന്ന പുലിയെ എട്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രാത്രി 10.40 ഓടെ മയക്കുവെടിവെച്ചു പിടികൂടുകയായിരുന്നു. ബത്തേരിയില്‍ നിന്നുള്ള വനപാലകസംഘമാണ് പുലിയെ പിടികൂടിയത്.

ഷെഡ്യൂള്‍ വണ്‍ വിഭാഗത്തില്‍പ്പെട്ട  മൃഗമായതിനാല്‍ അതീവ കരുതലോടെയാണ് പുലിയെ കുടുക്കാന്‍ സംഘം ഓപ്പറേഷന്‍ നടത്തിയത്. വെടിയേറ്റ പുലി വിരണ്ടെങ്കിലും ഉടന്‍ മയങ്ങി വീണു. രാത്രി 11 ഓടെ ഇവര്‍ കൊണ്ടുവന്ന പ്രത്യേക കൂടിനുള്ളിലേക്ക് കയറ്റി.

ഞായറാഴ്ച പകല്‍ മൂന്നരയോടെയാണ് പുലി നഗരത്തിലിറങ്ങിയത്. പുലിയുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. തായത്തെരു മെഹര്‍ബാത്തിലെ കെ കെ നബീദ് (45), കുറ്റിയത്ത് ഹൌസില്‍ അന്‍സീര്‍ (30), ആനയിടുക്ക് മാസില്‍ കുഞ്ഞു (38), കക്കാട് ബില്‍ഡേഴ്സിലെ തൊഴിലാളി ഒഡിഷ സ്വദേശി മനാസ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

നബീദിനെയാണ് ആദ്യം ആക്രമിച്ചത്. വീട്ടുമുറ്റത്ത് വാഹനം കഴുകാനിറങ്ങിയപ്പോള്‍ പൂന്തോട്ടത്തില്‍നിന്ന് നബീദിനുമേല്‍ ചാടിവീഴുകയായിരുന്നു. നബീദിന്റെ തല മാന്തികീറി. ബഹളം വച്ചപ്പോള്‍ പുലി മതില്‍ ചാടിക്കടന്ന് തായത്തെരു റെയില്‍വേ കട്ടിങ്ങിന് സമീപത്തേക്ക് ഓടി. അതിനിടെ ഇതര സംസ്ഥാനതൊഴിലാളി മനാസിനെയും ആക്രമിച്ചു. പിന്നീട് അന്‍സീറിനെയും കുഞ്ഞുവിനെയും ആക്രമിച്ചു. കൈയ്ക്ക് പരിക്കേറ്റ മനാസിനെ ജില്ലാ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന്, വല്ലത്തോട് കോട്ടിലപള്ളിക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പുലി ഓടിക്കയറി. നൂറുകണക്കിനാളുകള്‍ പ്രദേശത്ത് തടിച്ചുകൂടി. പുലിയെ പിടിക്കാനുള്ള ശ്രമത്തിനിടെ വൈകിട്ട് ആറോടെ വനപാലകന്‍ പറശ്ശിനിക്കടവിലെ മുഫീദിനുനേരെ പുലി ചാടിവീണു. ഇയാള്‍ക്ക് നിസാര പരിക്കേറ്റു. ഇതോടെ ജനക്കൂട്ടം ചിതറിയോടി. കലക്ടര്‍ മീര്‍ മുഹമ്മദലി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.