കണ്ണൂരില്‍ ഉരുള്‍പ്പൊട്ടല്‍;വ്യാപക നാശനഷ്ടം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നാലിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. ഉരുള്‍പ്പൊട്ടലില്‍ മലയോര മേഖലകളായ ആലക്കോട്‌ നെല്ലിക്കുന്ന മല, ഫര്‍ലോങ്ങര മല, നടവില്‍ കുടിയാന്മല, മുന്നൂര്‍ കൊച്ചി, പയ്യാവൂര്‍ എന്നിവിടങ്ങളിലാണ്‌ ഉരുള്‍പ്പൊട്ടിയത്‌. ഇവിടെ വ്യാപക നാശനഷ്ടങ്ങളാണ്‌ സംഭവിച്ചിരിക്കുന്നത്‌.

തിങ്കളാഴ്‌ച അര്‍ധരാത്രി മുതലാണ്‌ ഇവിടെ കനത്ത മഴ ആരംഭിച്ചത്‌. രണ്ടു ദിവസങ്ങളിലായി മഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ആള്‍താമസമില്ലാത്ത മലയോരമായതിനാല്‍ ആളപായമില്ല. പ്രദേശങ്ങളിലെ റോഡുകളും കൃഷി സ്ഥലങ്ങളും നശിച്ചു. ചൊവ്വാഴ്‌ച പത്തരയോടെയാണ്‌ ഉരുള്‍പ്പൊട്ടലുണ്ടായത്‌. മലയടിവാരത്തിലെ നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളില്‍ ഒറ്റപ്പെട്ടുപോയവരെ ഏറെ സമയമെടുത്താണ്‌ രക്ഷപ്പെടുത്തിയത്‌.

ഈ സമയം പ്രദേശത്ത്‌ കോടമഞ്ഞുണ്ടായത്‌ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. മുന്നൂര്‍ കൊച്ചിയിലേക്ക്‌ പോകുന്ന നൂറുമീറ്ററോളം റോഡും ഇരുമ്പുപാലവും ഒലിച്ചുപോയി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്‌.