കണ്ണൂര്‍: സിപിഎം ഓഫീസുകള്‍ക്ക് നേരെ ബോംബേറ്

officeകണ്ണൂര്‍: കണ്ണൂര്‍ സിപി എം ലോക്കല്‍ ഏരിയാ ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ക്ക് നേരെ ബോബേറ്. ചക്കരക്കല്‍ ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് സമീപമുള്ള സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റിയ്ക്ക് നേരെയാണ് ഇന്ന്ബോംബാക്രമണം ഉണ്ടായത്. ഓഫീസില്‍ ഉറങ്ങുകയായിരുന്ന രാജേഷ്, ലിപിന്‍ എന്നിവര്‍ക്ക് പരിക്കേറ്റും. ഇവരെ എ കെ ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

പുലര്‍ച്ചെ ഏതാനും ബൈക്കുകളിലായി എത്തിയ ബി ജെ പി – ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി പി എം ആരോപിച്ചു. അഞ്ച് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമിച്ചതെന്ന് പറയുന്നു. വാതില്‍ തകര്‍ത്ത് അകത്തുകടന്ന പത്തോളം പേര്‍ അഞ്ച് ബോംബുകള്‍ എറിഞ്ഞെന്നാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പൊലീസിനു നല്‍കിയ മൊഴി.

സ്‌ഫോടനത്തില്‍ ഓഫീസിനോട് ചേര്‍ന്നുള്ള വില്ലേജ് ഓഫീസിന്റെ ജനലും തകര്‍ന്നു. ചക്കരക്കല്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം അക്രമത്തിനു വിധേയമായ ഓഫീസ് പരിശോധിച്ചു. ഓഫീസിലെ ടി വി, ഫര്‍ണിച്ചറുകള്‍, ജനല്‍ ഗ്ലാസുകള്‍ എല്ലാം ബോംബ് സ്‌ഫോടനത്തില്‍ പാടേതകര്‍ന്നു. ഓഫീസില്‍ ഉണ്ടായിരുന്ന ഫര്‍ണ്ണിച്ചറുകള്‍ക്കും മറ്റും തീയിട്ടാണ് അക്രമികള്‍ പോയത്.

സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഏരിയാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു. ആര്‍ എസ് എസ് അക്രമം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഇത് കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.