കണ്ണൂരില്‍ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം

images (1)കണ്ണൂര്‍: കണ്ണൂരില്‍ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. പതിനായിരം രൂപയ്‌ക്ക്‌ കുഞ്ഞിനെ വില്‍ക്കാനാണ്‌ കുട്ടിയുടെ അച്ഛന്‍ ശ്രമിച്ചത്‌. കണ്ണൂര്‍ കണ്ണാടിപ്പറമ്പിലാണ്‌ ഒഡീഷ സ്വദേശിയായ രാജേഷ്‌ സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്‌.

കുഞ്ഞിനെ കൊണ്ടുപോകാനായി ചിലര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിന്റെ അമ്മ കുഞ്ഞിനെ തരില്ലെന്ന്‌ പറഞ്ഞ്‌ ബഹളം വെച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ഇതോടെ കുഞ്ഞിനെ വാങ്ങാന്‍ വന്നവര്‍ സ്ഥലം വിടുകയായിരുന്നു.

കൂലിപ്പണിക്കാരനായ രാജേഷ്‌ സ്ഥിരം മദ്യപാനിയാണ്‌. രാജേഷിന്‌ ഏഴുമക്കള്‍ വേറെയുമുണ്ട്‌. ഇവര്‍ ഏഴുവര്‍ഷത്തോളമായി കണ്ണൂരിലാണ്‌ താമസം. വളപട്ടണം സിഐ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ കുഞ്ഞിനെ അമ്മയ്‌ക്ക്‌ തിരിച്ചു നല്‍കി.