കാനത്തിന് കാന്തപുരത്തിന്റെ മറുപടി ‘സമുദായനേതാക്കള്‍ കാണേണ്ടെന്ന് തീരുമാനിച്ചാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാവില്ല

ap kanthapuramകാനത്തിന് കാന്തപുരത്തിന്റെ മറുപടി
‘സമുദായനേതാക്കള്‍ കാണേണ്ടെന്ന് തീരുമാനിച്ചാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാവില്ല’
സമുദായനേതാക്കള്‍ കാണേണ്ട എന്നു തീരുമാനിച്ചാല്‍ പല രാഷ്ട്രീയ സംഘടനകള്‍ക്കും മേല്‍വിലാസം പോലും ഉണ്ടാവില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മതസമുദായ നേതാക്കളെ കാണാന്‍ പോകാറില്ല എന്നൊക്കെ ചിലര്‍ മേനിപറയാറുണ്ട്. മതത്തെ അവഗണിച്ചു കൊണ്ട് മതേതര വാദികളാകാം എന്നാരും കരുതണ്ട. മതേതരത്വത്തെ ഇല്ലാതാക്കി ഒറ്റ മതം സ്ഥാപിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ അതേ രാഷ്ട്രീയ കാഴപ്പാടാണ് ഇത്തരക്കാരും പുലര്‍ത്തുന്നത്. മതേതരത്വം എന്നാല്‍ മതങ്ങളെയും മത ചിഹ്ന്‌നങ്ങളെയും നിസ്സരമാക്കലാണ് എന്നു ധരിച്ചിരിക്കുന്നവരോട് സഹതപ്പിക്കാനേ കഴിയൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സ്വാധീനവും ആവശ്യകതയും കുറച്ചു കാണുന്നില്ല. പക്ഷേ, അതൊന്നും ശൂന്യതയില്‍ നിന്നുണ്ടാകുന്നതല്ല. മുസ്‌ലിം സംഘടനകളെയും നേതാക്കളെയും വിലയിരുത്താന്‍ കാണിക്കുന്ന ആവേശം മറ്റു പലരുടെയും കാര്യത്തില്‍ ഉണ്ടാവാത്തത് എന്തുകൊണ്ടാണ്? സാമുദായിക ബോധത്തെയ്യും വര്‍ഗീയതയെയും രണ്ടായി കാണാന്‍ പലര്‍ക്കും കഴിയുന്നില്ലെന്നത് ഖേദകരമാണ്. ഇത്തരം സമീപനങ്ങള്‍ ആത്യന്തികമായി ആരെയാണ് സഹായിക്കുക എന്നതിനെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണ്, കാന്തപുരം പറഞ്ഞു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്ത്രീസംവരണം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രായോഗിക അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ പങ്കുവെച്ച ആശങ്കകളെ ആര്‍ക്കും വിമര്‍ശിക്കാം. അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ സന്നദ്ധരുമാണ്. പക്ഷേ, അടച്ചാക്ഷേപിക്കുന്നതിനു മുന്‍പ്, സ്വന്തം രാഷ്ട്രീ പാര്‍ട്ടികളിലെയും മറ്റു സാമൂഹികസാംസ്‌കാരിക സംഘടനകളിലെയും സ്ത്രീ പദവികളെക്കുറിച്ച് ആത്മ പരിശോധന നടത്താനും ആ വിവരങ്ങള്‍ പൊതുസമൂഹവുമായി പങ്കുവെക്കാനും ഈ വിമര്‍ശകര്‍ തയ്യാറാകണം. തങ്ങള്‍ ചെയ്യാത്തത് മുസ്ലിം ജമാഅത്ത് പ്രാവര്‍ത്തികമാക്കണം എന്നു പറയുന്നവര്‍, വിമര്‍ശകര്‍ പുലര്‍ത്തേണ്ട ധാര്‍മിക ഉത്തരവാദിത്വം പുലര്‍ത്താത്തവരാണ്.

ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നതില്‍ മാത്രമല്ല ഞങ്ങളുടെ പ്രതിഷേധം. ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചാല്‍ പോലും ആരും കൊല്ലപ്പെടരുതെന്നാണ് ഞങ്ങളുടെ നിലപാട്. മതത്തിന്റെയും പാരമ്പര്യങ്ങളുടെയും ശരിയായ വീണ്ടെടുപ്പിലൂടെ മാത്രമേ സഹജമായ സഹിഷ്ണുത നമുക്ക് തിരിച്ചു കൊണ്ടുവരാന്‍ സാധിക്കൂ, കാന്തപുരം പറഞ്ഞു.