കളിയാട്ടമുക്ക് അപകടം : മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി


പരപ്പനങ്ങാടി :  കളിയാട്ടമുക്ക് കാരിയാട് കടവ് പാലത്തിനു സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച കുടുംബത്തിലെ മൂന്നു പേർക്ക്  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

ഞായറാഴ്ച്ച ഉച്ചക്ക് ഒരു മണിക്കാണ് റോഡിൽ നിന്നും നിയന്ത്രണം വിട്ട കാർ പത്തടിയോളം താഴ്ച്ചയിലുള്ള വീടിന് മുകളിലേക്ക് മറിഞ്ഞ് ചിറമംഗലം തിരിച്ചിലങ്ങാടി കോണിയത്ത് സമീറിന്റെ ഭാര്യ ഹുസ്ന (19), സമീറിന്റെ സഹോദരി ഷംന (14) പിതൃസഹോദരപുത്രൻ കോണിയത്ത് അബദുറഷീദിന്റെ മകൾ ഫാത്തിമ ഷിഫാന  (ഏഴ്) എന്നിവർ മരിച്ചത്. കാർ ഓടിച്ചിരുന്ന സമീർ , സമീറിന്റെ സഹോദരന്മാരായ ശബീറലി ,സൽമാൻ , റഷീദിന്റ ഭാര്യ ഉമ്മുഹബീബ  എന്നിവർ പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

.പരപ്പനങ്ങാടിചിറമംഗലത്തു നിന്നും കളിയാട്ടമുക്കിലെ ബന്ധുവീട്ടിലേക്ക് വിവാഹത്തിന് പോകുമ്പോഴായിരുന്നു  മൂവരുടെയും മരണം.

മൃതദേഹങ്ങൾ രണ്ടിടത്തായാണ് പോസ്റ്റുമോർട്ടം നടത്തിയത്.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടന്ന ഷിഫാനയുടെ മൃതദേഹം  ഞായറാഴ്ച്ച വൈകീട്ടും, കോഴിക്കോട് മെഡിക്കൽ കോളജിൽ  പോസ്റ്റുമോർട്ടം  നടന്ന ഹുസ്‌നയുടെയും ഷംനയുടെയും മൃതദേഹങ്ങൾ ഇന്നലെ ഉച്ചക്ക് ഒന്നരയോടെയും ചിറമംഗലത്തെ കോണിയത്ത് വീട്ടിലെത്തിച്ചു. മൂന്ന് പേരെയും വ്യത്യസ്ഥ ഖബർസ്ഥാനിലാണ് മറവ് ചെയ്തത് . ഷിഫാനയുടെ മൃതദേഹം ചിറമംഗലം സൗത്ത് ഖബർസ്ഥാനിൽ രാവിലെ പത്തരയോടെയും . ഹുസ്നയെ വൈകീട്ട് മൂന്നോടെ കളത്തിങ്ങൽപാറ മഹല്ല് പള്ളി ഖബർസ്ഥാനിലും മറവ് ചെയ്തു.ഷംനയെ വൈകുന്നേരം അഞ്ചോടെ ചിറമംഗലം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിലും  മറവ് ചെയ്തു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ,കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ,സയ്യിദ് പി എസ് എച്ച് തങ്ങൾ ,പി കെ അബ്ദുറബ്ബ് എം എൽ എ ,പി അബ്ദുൽഹമീദ് എം എൽ എ എന്നിവർ മരണ വീടുകൾ  സന്ദർശിച്ചു

.