‘ഖല്‍ബിലെ തേനൊഴുകണ കോഴിക്കോട്ടെ രാത്രികള്‍’ സ്വന്തമാക്കി റേഡിയോ മാംഗോയിലെ സുന്ദരികള്‍

സ്മിത അത്തോളി

കോയിക്കോട്ടാര് അങ്ങനയാണ് നല്ലതെന്തിെനം സ്‌നേഹത്തോടെ സ്വീകരിക്കും അത് പാട്ടായിക്കോട്ടെ,.. കഥയായിക്കോട്ടെ..
അപ്പോ കോഴിക്കോടിനെ പറ്റിമാത്രമുള്ള സിനിമാപാട്ടായാലോ പറയും വേണ്ട….
ഇപ്രാവിശ്യം ഇങ്ങിനെ ഒരു പാട്ടിനെ കോഴിക്കോട്ടുകാര്‍ സ്വീകരിച്ചത് വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു. ഗൂഡാലോചന എന്ന ചിത്രത്തില്‍ ഗോപീസുന്ദര്‍ ഈണമിട്ട് അഭയാ ഹിരണ്‍മയി ആലപിച്ച ഖല്‍ബില് തേനൊഴുകണ കോഴിക്കോട് എന്ന ഗാനം വരവേറ്റുകൊണ്ട് കോഴിക്കോട്ടെ റേഡിയോ മാംഗോയിലെ പെണ്‍ജോക്കികള്‍ ഈ പാട്ടിന് നല്‍കിയ ദ്യശ്യാവിഷ്‌ക്കാരം സോഷ്യല്‍ മീഡിയയയില്‍ തരംഗമായി മാറുകയാണ്. റേഡിയോ മാംഗോയുടെ ഔദ്യോഗിക പേജിലിട്ട വീഡിയോ പോസ്റ്റാണ് ആ പാട്ടിനൊപ്പം ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.

പതിവില്‍ നിന്ന് വ്യത്യസ്തമായി നഗരത്തിന്റെ പാതിരാസൗന്ദര്യം നുകരാനുള്ള പെണ്‍മനസ്സുകളുടെ തുടിപ്പാണ് ഇവര്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ചുള്ളിക്കാട് പറഞ്ഞ’ നഗരരാത്രിയുടെ നിയോണ്‍വസന്തത്തിന്റെ ചുനകുടിക്കാന്‍’ തങ്ങളുമുണ്ടെന്ന പറച്ചില്‍ കൂടിയായി പെണ്‍കൂട്ടായ്മയുടെ ഈ വീഡിയോ.
ഹലുവയും ഒപ്പനയും ബിരിയാണിയുമായി അവര്‍ കോഴിക്കോട്ടെ രാത്രിയെ തങ്ങളിലെക്ക് ആവാഹിച്ചപ്പോള്‍ ഇതേ വികാരം കൊണ്ടുനടന്നിരുന്ന പെണ്‍മനസ്സുകളും ഇരുകയ്യും നീട്ടി ഈ ദൃശ്യാവിഷ്‌ക്കാരത്തെ സ്വീകരിക്കുകയായിരുന്നു.

റേഡിയോ മാംഗോയിലെ ആര്‍ജെകളായ വിജിത, സുനൈന, നമൃത, ലിഷ്ന, അമൃത, അഞ്ജന എന്നിവരാണ് ഈ കൂട്ടായ്മയില്‍ പങ്കാളികളായത്.

സിനിമാഗാനങ്ങള്‍ സ്ത്രീ കൂട്ടായ്മകളിലുടെ പുനരാവിഷ്‌ക്കരിക്കപ്പെടുന്നതും അവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതും പൊതുഇടങ്ങള്‍ രാപ്പകല്‍ ഭേദമന്യേ എല്ലാവര്‍ക്കുമുള്ളതാണെന്ന ചിന്തകള്‍ക്ക് കരുത്തേകുന്നതാണ്.