കാക്കഞ്ചേരിയില്‍ മലബാര്‍ഗോള്‍ഡ്‌ കമ്പനി ആഭരണ നിര്‍മ്മാണശാലയ്‌ക്കെതിരായി നടത്തുന്ന ജനകീയസമരം 600 ാം ദിവസം പിന്നിട്ടു.

Untitled-1 copyതേഞ്ഞിപ്പലം: കാക്കഞ്ചേരിയില്‍ തുടങ്ങാനിരിയ്‌ക്കുന്ന മലബാര്‍ഗോള്‍ഡ്‌ കമ്പനി ആഭരണ നിര്‍മ്മാണശാലയ്‌ക്കെതിരായി നടത്തുന്ന ജനകീയസമരം ബുധനാഴ്‌ച 600 ാം ദിവസം പിന്നിട്ടു. കമ്പനി കാക്കഞ്ചേരിയുടെ മണ്ണ്‌ വിട്ട്‌പോകും വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ്‌ സംയുക്തസമരസമിതി പ്രവര്‍ത്തകര്‍. 600 ാം ദിവസത്തെ സമരപരിപാടി ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി .ജനചന്ദ്രന്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു.

കഴിഞ്ഞ 2014 ഡിസംബര്‍ 20 നാണ്‌ കാക്കഞ്ചേരിയില്‍ തുടങ്ങാനിരിക്കുന്ന മലബാര്‍ഗോള്‍ഡ്‌ കമ്പനി ആഭരണ നിര്‍മ്മാണശാലയ്‌ക്കെതിരായി പ്രദേശവാസികള്‍ സംയുക്തസമരസമിതി രൂപീകരിച്ച്‌ അനിശ്ചിതകാല സമരമാരംഭിച്ചത്‌. രാഷ്‌ട്രീയ നേതാക്കളും മുഖ്യധാരാ മാധ്യമങ്ങളും സമരത്തെ അവഗണിച്ചപ്പോഴും ഒട്ടും ചോരാത്ത സമരവീര്യവുമായി ഈ ജനകീയ പ്രതിരോധം മുന്നോട്ട്‌ പോയി. ഇതിനിടെ നിരവധി പ്രമുഖര്‍ സമരത്തിന്‌ ഐക്യദാര്‍ഢ്യവുമായി സമരവേദിയിലെത്തി.

പരിസ്‌തിഥിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയുളള വിവിധ രാസവസ്‌തുക്കള്‍ പുറംതളളുന്ന ആഭരണനിര്‍മ്മാണശാല ജനവാസകേന്ദ്രമായ കാക്കഞ്ചേരിയില്‍ സ്ഥാപിക്കുന്നത്‌ എന്ത്‌കൊണ്ടും പ്രതിഷേധാര്‍ഹമാണ്‌. കമ്പനിക്കെതിരെയുളള പ്രദേശവാസികളുടെ പ്രതിഷേധങ്ങള്‍ക്ക്‌ 600 ലധികം ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതിനെതിരെ മുഖം തിരിക്കുന്ന സമീപനമാണ്‌ സര്‍ക്കാറും ബന്ധപ്പെട്ട അധികാരികളും മുഖ്യധാരാ മാധ്യമങ്ങളും സ്വീകരിക്കുന്നതെന്നാണ്‌ ഇവര്‍ ആരോപിക്കുന്നത്‌. ഇപ്പോള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ഏതാണ്ട്‌ അന്തിമഘട്ടത്തില്‍ എത്തിയിട്ടുണ്ട്‌. മലബാര്‍ ഗ്രൂപ്പിന്റെ കമ്പനി ഇവിടെ പ്രവര്‍ത്തിച്ചാല്‍ സമീപത്തെകിണറുകള്‍ മലിനമാകുന്നതടക്കമുളള നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ്‌ കാക്കഞ്ചേരി പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും പറയുന്നത്‌. കാക്കഞ്ചേരിയിലെ സമരം വിജയിക്കേണ്ടത്‌ ജനങ്ങളുടെ ആവശ്യമാണെന്നും, മറിച്ച്‌ സമരം പരാജയപ്പെട്ടാല്‍ അവിടെ തോല്‍ക്കുന്നത്‌ ചെറുത്തു നില്‍പ്പിന്റെ പ്രതിരോധമാണെന്നുമാണ്‌ പൊതുസമൂഹം വിലയിരുത്തുന്നത്‌.

ചടങ്ങില്‍ വിവിധ രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ നേതാക്കളും പങ്കെടുത്ത്‌ സംസാരിച്ചു. തുടര്‍ന്ന്‌ 600 ദിവസം പിന്നിട്ട സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആയിരങ്ങള്‍ അണിനിരന്ന പ്രകടനവും നടന്നു. ആര്‌ അവഗണിച്ചാലും മലബാര്‍ഗോള്‍ഡ്‌കമ്പനി കാക്കഞ്ചേരിയുടെ മണ്ണ്‌ വിട്ട്‌പോകും വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ്‌ ഇപ്പോഴും സംയുക്തസമരസമിതി പ്രവര്‍ത്തകര്‍.

Related Articles