കക്കാടം പൊയിലില്‍ ദമ്പതികള്‍ക്ക്‌ നേരെ സദാചാര പോലീസിങ്ങ്‌

Untitled-1 copyകോഴിക്കോട്‌: യുവതിക്കും ഭര്‍ത്താവിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ചികിത്സകഴിഞ്ഞ്‌ കക്കാടം പൊയിലിലുള്ള സ്വന്തം വീട്ടിലേക്ക്‌ പോകുന്നതിനിടയിലാണ്‌ ദമ്പതികള്‍ക്ക്‌ ദുരനുഭവമുണ്ടായത്‌. ഭര്‍ത്താവുമൊത്ത്‌ മുക്കം ബസ്റ്റാന്റില്‍ വന്നിറങ്ങിയ ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ കക്കാടം പൊയിലിലേക്ക്‌ പോവുകയായിരുന്നു. ഈ സമയം പീടികപ്പാറ വളപവില്‍ വെച്ച്‌ റോഡരികില്‍ കിടക്കുകയായിരുന്ന ഒരു ജീപ്പില്‍ നിന്ന്‌ മൂന്നാല്‌ ചെറുപ്പക്കാര്‍ ഇവരെ തുറിച്ചു നോക്കുകയും ജീപ്പില്‍ ഇവരെ പിന്‍തുടരുകയുമായിരുന്നു. കള്ളിപ്പാറയ്‌ക്കടുത്ത്‌ വെച്ച്‌ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ഓട്ടോയ്‌ക്ക്‌ മുന്നിലായി കുറുകെ ജീപ്പ്‌ കൊണ്ട്‌ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന്‌ ദമ്പതികള്‍ക്ക്‌ നേരെ അസഭ്യവര്‍ഷം നടത്തുകയും ദേഹോപദ്രവമേല്‍പ്പിക്കുന്ന തരത്തില്‍ ആക്രോശിക്കുകയുമായിരുന്നത്രെ.

തുടര്‍ന്ന്‌ ദമ്പതികളുടെ നിര്‍ബന്ധപ്രകാരം ഓട്ടോഡ്രൈവര്‍ ഓട്ടോ മുന്നോട്ടെടുക്കുകയായിരുന്നു. കുറെ ദൂരം ദമ്പതികള്‍ക്ക്‌ പിറകെ സഞ്ചരിച്ച സംഘം പിന്നീട്‌ അപ്രത്യക്ഷരാവുകയായിരുന്നു.

നിരവധി വിനോദസഞ്ചാരികള്‍ ദിവസവും വന്നുപോകുന്ന കക്കാടം പെയിലില്‍ ഇത്തരം സദാചാര വിളയാട്ടത്തിനെതിരെയും തങ്ങള്‍ക്കു നേരെയുണ്ടായ സംഭവത്തിലും നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ യുവതി തിരുവമ്പാടി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്‌.