കലാശക്കൊട്ടിന്റെ മേളപ്പെരുക്കത്തില്‍ മനം നിറഞ്ഞ്‌ കക്കാട്‌

kakkad copyകക്കാട്‌ : തിരൂരങ്ങാടി നഗരസഭയിലെ വാശിയേറിയ മത്സരം നടക്കുന്ന 12 ാം ഡിവിഷനില്‍ കലാശക്കൊട്ടും പതിമടങ്ങ്‌ ആവേശലഹരിയില്‍. കലാശക്കൊട്ടിന്റെ മേളപെരുക്കത്തില്‍ മനം നിറഞ്ഞ്‌ കക്കാടു ടൗണില്‍ വിവിധ രാഷ്ടീയ പാര്‍ട്ടിക്കാര്‍ ആടിതിമിര്‍ത്തു. സമീപത്തെ കടകള്‍ക്കു മുമ്പിലും കെട്ടിടത്തിനു മുകളിലുമായി സ്‌്‌ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ്‌ പാര്‍ട്ടിപ്രവര്‍ത്തകരുടെ അവസാനമേളം കാണാനായി തടിച്ചുകൂടിയത്‌. കക്കാട്‌,കക്കാട്‌ ഈസ്റ്റ്‌ എന്നിവിടങ്ങളിലുള്ള സ്ഥാനാര്‍ഥികളുടെ നേതൃത്വത്തിലൂള്ള പ്രവര്‍ത്തകരാണ്‌ കക്കാട്ടങ്ങാടിയില്‍ ആവേശത്തിന്റെ പെരുമ്പറ തീര്‍ത്തത്‌. വാദ്യമേളങ്ങളുടെ അകമ്പടിയോടെ 12 ാം വാര്‍ഡിലെ ഔദ്യോഗിക സ്ഥാനാര്‍ഥിയാണ്‌ കലാശകൊട്ടിന്റെ ആവേശത്തിന്‌ തുടക്കമിട്ടത്‌. പതിയെ മറ്റു സംഘങ്ങളും ടൗണില്‍ വിവിധ വാഹനങ്ങളില്‍ വലംവെച്ച്‌ മുദ്രാവാക്യങ്ങളും വാദ്യഘോഷങ്ങളും മുഴക്കി. കക്കാട്‌ 22 ാം ഡിവിഷനില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ഇഖ്‌ബാല്‍ കല്ലുങ്ങല്‍,കക്കാട്‌ ഈസ്റ്റ്‌ 12 ാം ഡിവിഷനില്‍ നിന്ന്‌ യുഡിഎഫ്‌ സ്ഥാനാര്‍ഥി ഷംസുദ്ധീന്‍ മച്ചിങ്ങല്‍,സ്വതന്ത്രസ്ഥാനാര്‍ഥികളായ ഇവി അബ്ദുസ്സലാം മാസ്റ്റര്‍,കെടി ഹംസത്ത്‌ എന്നിവരുടെ പ്രവര്‍ത്തകരാണ്‌ കക്കാട്ടങ്ങാടിയില്‍ മൂന്നര മുതല്‍ അഞ്ചുവരെ വലം വെച്ചത്‌. കലാശക്കൊട്ടിന്റെ അവസാന സമയത്ത്‌ കാര്‍യാത്രക്കാരനെ പ്രവര്‍ത്തകരിലൊരാള്‍ തടയാന്‍ ശ്രമിച്ചത്‌ യൂഡിഎഫ്‌ സ്ഥാനാര്‍ഥി ഇടപെട്ട്‌ നിരുത്സാഹപ്പെടുത്തി. അഞ്ചോടെ പിരിഞ്ഞുതുടങ്ങിയ ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ കൊടിവീശി ബൈക്കുമായി സിപിഎം പ്രവര്‍ത്തകര്‍ കടന്നുവന്നത്‌ ചെറിയ ഉന്തും തള്ളിനുമിടയാക്കിയെങ്കിലും പൊലീസെത്തി രംഗം ശാന്തമാക്കി.