കടല്‍ക്കൊല; ഇറ്റലി ഇന്ത്യയുമായി സഹകരിക്കില്ല

STEPHAN-D-MISTURIദില്ലി : കടല്‍ക്കൊല കേസില്‍ ഇന്ത്യയുമായി സഹകരിക്കില്ലെന്ന നിലപാടിലുറച്ച് ഇറ്റലി. കോടതി എന്ത് നിലപാട് എടുത്താലും വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലിയുടെ പ്രതേ്യക ദൂതന്‍ സ്റ്റീഫന്‍ ഡി മിസ്തുര അറിയിച്ചു. വിചാരണ വേണ്ടെന്നാണ് ഇറ്റലിയുടെ നിലപാട് എന്നും മിസ്തുര വ്യക്തമാക്കി. ഇറ്റാലിയന്‍ പാര്‍ലമെന്റ് കമ്മറ്റിയിലാണ് മിസ്തുര ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കടല്‍ക്കൊല കേസിന്റെ വിചാരണ നാളെ സുപ്രീം കോടതിയില്‍ പുരോഗമിക്കാനിരിക്കെയാണ് ഇറ്റലി തങ്ങളുടെ പുതിയ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സുപ്രീം കോടതിയില്‍ നാളെ ഇറ്റാലിയന്‍ പ്രതിനിധികള്‍ ഹാജരാകില്ലെന്നും മിസ്തുര അറിയിച്ചിട്ടുണ്ട്.

കടല്‍ക്കൊലകേസില്‍ അന്താരാഷ്ട്ര പിന്തുണ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഇറ്റലി നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ നാവികര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള സുവ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.