കടകംപള്ളി ഭൂമി തട്ടിപ്പ്; വ്യാജ തണ്ടപ്പേര്‍ റദ്ദാക്കി

തിരുവനന്തപുരം:കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ ഭൂമിതട്ടിപ്പിന് വേണ്ടി സൃഷ്ടിച്ച വ്യാജ തണ്ടപ്പേര്‍ റദ്ദാക്കി. കടകംപള്ളി വില്ലേജില്‍ 150 ഓളം കുടുംബങ്ങളുടെ 44 ഏക്കറോളം ഭൂമിയാണ് ഭൂമാഫിയ തട്ടിച്ചെടുത്തിരുന്നത്. തിരുവനന്തപുരം കലക്ടര്‍ എസ് വെങ്കിടേശപതിയാണ് തണ്ടപ്പേര്‍ റദ്ദാക്കിയത്. 3587 എന്ന നമ്പറില്‍പ്പെട്ട തണ്ടപ്പേരാണ് റദ്ദാക്കിയത്. തണ്ടപ്പേര്‍ ബുക്കിലെ ശൂന്യ തണ്ടപ്പേരിലേക്ക് ഈ നമ്പര്‍ എഴുതി ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്.

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് റവന്യുഉദ്യേഗസ്ഥരുടെ ഒത്താശയോടെ ഭൂമാഫിയ ഭൂമി തട്ടിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന വര്‍ക്കല കഹാറിന്റെ ബന്ധുക്കളും ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജും ഉള്‍പ്പെട്ട സംഘമാണ് ഭൂമി തട്ടിപ്പിന് പിന്നിലുണ്ടായിരുന്നത്. കേസ് അന്വേഷിച്ച സിബിഐയും റവന്യൂ സെക്രട്ടറിയും തണ്ടപേര്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ട് കൊടുത്തിരുന്നു. എന്നിട്ടും കഴിഞ്ഞ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.