കടകംപ്പള്ളി ഭൂമി തട്ടിപ്പ്‌ കേസില്‍ സലിം രാജിനെ പ്രോസ്‌ക്യൂട്ട്‌ ചെയ്യും

Salimതിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ്‌ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീം രാജിനെ പ്രോസിക്യൂട്ട്‌ ചെയ്യും. സലീം രാജിനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി അനുമതി നല്‍കി. തിരുവനന്തപരത്ത്‌ കഴക്കൂട്ടത്തിനടുത്ത്‌ കടകംപള്ളി വില്ലേജില്‍ 44.5 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഉദ്യോസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ്‌ കേസ്‌.

ഈ കേസിലെ 21 ാം പ്രതിയാണ്‌ സലീംരാജ്‌. സിബിഐ അന്വേഷണത്തില്‍ സലീംരാജിന്റെ പങ്ക്‌ വ്യക്തമായിരുന്നു. എന്നാല്‍ കേസില്‍ 21 മുതല്‍ 27 വരെയുള്ള പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായതിനാല്‍ ഇവരെ സിബിഐക്ക്‌ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന്‌ സിബിഐ പ്രോസിക്യൂഷന്‌ അനുമതി തേടുകയായിരുന്നു. കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട്‌ 14 കോടിയുടെ തട്ടിപ്പ്‌ നടന്നിട്ടുണ്ടെന്നാണ്‌ സിബിഐ കണ്ടെത്തിയിരിക്കുന്നത്‌. വ്യാജ രേഖയുണ്ടാക്കാനും ഭൂമിയുടെ തണ്ടപ്പേര്‌ മാറ്റാനും മാത്രം പ്രതികള്‍ 60 ലക്ഷം രൂപയാണ്‌ ചെലവഴിച്ചത്‌.