ജലീലിന്റെ സൗദി യാത്ര; വിദേശമന്ത്രാലയം അനുമതി നിഷേധിച്ചു

k.t-jaleel1തിരുവനന്തപുരം: സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട്‌ ദുരിതത്തിലായ ഇന്ത്യക്കാരെ സന്ദര്‍ശിക്കാന്‍ തദ്ദേശസ്വയംഭരണവകുപ്പ്‌ മന്ത്രി കെടി ജലീല്‍ നടത്താനിരുന്ന യാത്രക്ക്‌ വിദേശമന്ത്രാലയം അനുമതി നിഷേധിച്ചു. വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതോടെ ജലീലിന്‌ ഡിപ്ലോമാറ്റിക്‌ പാസ്‌പോര്‍ട്ട്‌ ലഭിച്ചില്ല. ഇതോടെ മന്ത്രി ജലീലിന്റെ സൗദി യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്‌.

വെള്ളിയാഴ്‌ച ജലീല്‍ സൗദിയിലേക്ക്‌ പോകാന്‍ നിശ്ചയിച്ചിരിക്കുന്നത്‌. ഇതോടെ മന്ത്രിയുടെ യാത്രാ പ്രതിസന്ധി തരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയം ചര്‍ച്ചചെയ്‌തെന്നും സര്‍ക്കാര്‍ തീരുമാനമനുസരിച്ച്‌ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും കെ ടി ജലീല്‍ പറഞ്ഞു.

കേന്ദ്രമന്ത്രി വി കെ സിങ് സൌദിയിലെത്തിയിട്ടും മലയാളികളുടെ മടക്കയാത്ര വൈകുകയാണ്. സൌദിയില്‍ കുടുങ്ങിയവര്‍ക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് ജലീലിനെ അയക്കാന്‍ തീരുമാനിച്ചത്. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു ലക്ഷ്യം.