തദ്ദേശ സ്വയംഭരണ വകുപ്പിനെ അഴിമതി മുക്തമാക്കും – മന്ത്രി കെ.ടി. ജലീല്‍

808 സ്‌കൂളുകള്‍ക്ക്‌ ജില്ലാ പഞ്ചായത്ത്‌ കംപ്യൂട്ടറുകള്‍ നല്‍കി
മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പിനെ അഴിമതി മുക്തമാക്കുന്നതിനും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതിനും ഓഗസ്റ്റ്‌ മാസം അവസാനത്തോടെ പ്രത്യേക സോഫ്‌റ്റ്‌വേര്‍ വികസിപ്പിച്ച്‌ പ്രവര്‍ത്തനക്ഷമമാക്കുമെന്ന്‌ തദ്ദേശ സ്വയംഭരണ വകപ്പു മന്ത്രി ഡോ.കെ.ടി. ജലീല്‍ പറഞ്ഞു. മന്ത്രിയുടെ ഓഫീസില്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനം നേരിട്ട്‌ നിരീക്ഷിക്കുന്നതിന്‌ സംവിധാനങ്ങള്‍ ഒരുക്കും. ജില്ലയിലെ ഗവ. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൊക്കേഷനല്‍ ഹയര്‍ സെക്കക്കന്‍ഡറി സ്‌കൂളുകള്‍ക്ക്‌ ജില്ലാ പഞ്ചായത്ത്‌ നല്‍കുന്ന 808 കംപ്യൂട്ടറുകളുടെ വിതരണോദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.
അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്‌പെന്റ്‌ ചെയ്‌ത ശേഷമാവും അന്വേഷണം നടത്തുക. അന്വേഷണത്തിന്‌ ശേഷം സസ്‌പെന്‍ഷന്‍ എന്ന പതിവുരീതി ഇനിയില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ രണ്ട്‌ ലക്ഷം കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സസ്‌പെന്റ്‌ ചെയ്‌ത്‌ അന്വേഷണത്തിന്‌ ഉത്തരവിട്ട കാര്യം മന്ത്രി ചൂണ്ടിക്കാട്ടി. അപേക്ഷകളില്‍ സമയബന്ധിതമായി തീരുമാനമെടുത്ത്‌ മറുപടി നല്‍കാത്ത ഉദ്യോഗസ്ഥരെ പിടികൂടും. അഴിമതിക്കും സാമ്പത്തിക കുറ്റകൃത്യത്തിനും ചൂട്ടുപിടിക്കുന്ന ഇവര്‍ പണമുണ്ടാക്കാന്‍ സാഹചര്യമുണ്ടോ എന്ന്‌ അന്വേഷിച്ചാണ്‌ ഫയല്‍ താമസിപ്പിക്കുന്നത്‌. അത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന്‌ മന്ത്രി പറഞ്ഞു. പരോക്ഷമായി പോലും കൈക്കൂലി ആവശ്യപ്പെടുന്ന സംസാരം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊതുജനങ്ങള്‍ക്ക്‌ നിര്‍ദിഷ്‌ട വെബ്‌സൈറ്റിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യാന്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
നമ്മുടെ നാട്ടിലെ മതമൈത്രിയും മതനിരപേക്ഷതയും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ പങ്ക്‌ മഹത്തരമാണ്‌. നാനാജാതി മതക്കാര്‍ ഒന്നിച്ചിരുന്ന പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ ക്ലാസ്‌ റൂമുകളാണ്‌ ദേശീയോദ്‌ഗ്രഥനത്തിന്റെ ആദ്യ പാഠം. ബഹുസ്വര സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന്‌ പഠിപ്പിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളെ കണ്ണിലെ കൃഷ്‌ണമണി പോലെ സംരക്ഷിക്കണമെന്നും മന്ത്രി ജലീല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷനായി. വണ്ടൂരിലെ ചേതന സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ ആശുപത്രിയിലേക്കുള്ള ആംബുലന്‍സിന്റെ താക്കോല്‍ദാനം പി. ഉബൈദുള്ള എം.എല്‍.എ. നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷരായ വി. സുധാകരന്‍, ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, അംഗങ്ങളായ സലീം കുരുവമ്പലം, എ.കെ. അബ്‌ദുറഹ്‌മാന്‍, ടി.കെ. റഷീദലി, എം.ബി. ഫൈസല്‍, സെക്രട്ടറി എ. അബ്‌ദുല്ലത്തീഫ്‌, ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ. ഗോകുലകൃഷ്‌ണന്‍, വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ പി.സഫറുള്ള, ഹോമിയോ ഡി.എം.ഒ. ഡോ.ദേവദാസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.
2.21 കോടി ചെലഴിച്ചാണ്‌ ജില്ലാ പഞ്ചായത്ത്‌ സ്‌കൂളുകള്‍ക്ക്‌ കംപ്യൂട്ടറുകള്‍ നല്‍കുന്നത്‌. സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ മുഖേനയാണ്‌ കംപ്യൂട്ടര്‍ വിതരണം. ഐ.ടി അധിഷ്‌ഠിത വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനും കംപ്യൂട്ടര്‍ പഠന സൗകര്യത്തില്‍ നിലവിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുമാണ്‌ ജില്ലാ പഞ്ചായത്ത്‌ മുന്‍ വര്‍ഷത്തെ പദ്ധതിയുടെ ഭേദഗതി സമയത്ത്‌ ഇതിനായുള്ള പദ്ധതി തയ്യാറാക്കിയത്‌.