കെ.എസ്.ആർ.ടി.സി തൊഴിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു

Story dated:Tuesday May 2nd, 2017,03 27:pm

കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗം തൊഴിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ഡ്യൂട്ടിസമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനേത്തുടർന്നാണ് സമരം പിൻവലിച്ചതെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.

സർവീസുകൾ ഇന്നു മുതൽ പുനരാരംഭിക്കാൻ നിർദേശം നൽകിയെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി. സിംഗിൾ ഡ്യൂട്ടി സമ്പ്രാദായം തുടരും. എന്നാൽ തുടർച്ചയായ നൈറ്റ് ഡ്യൂട്ടി ഉണ്ടാകില്ല. എട്ട് മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളാകും ഇനി ഉണ്ടാവുക. 6-2, 2-8, 8-10 എന്നിങ്ങനെയായിരിക്കും സാധാരണ ഷിഫ്റ്റുകൾ. ഇതിനു പുറമേ രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള ഒരു ഷിഫ്റ്റ് കൂടി ഉണ്ടാകും- മന്ത്രി വ്യക്തമാക്കി.

രാത്രികാലങ്ങളിൽ കൂടുതൽ മെക്കാനിക്കുകൾ ആവശ്യമായി വരുന്നതിനാലാണ് പുതിയ ഷിഫ്റ്റ് ഏർപ്പെടുത്തുന്നതെന്നും ഷിഫ്റ്റിൽ റൊട്ടേഷൻ ഉണ്ടാകില്ല എന്ന തെറ്റിധാരണയാണ് ജീവനക്കാരെ സമരത്തിനു പ്രേരിരപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.