കെ എം ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കു ജാമ്യം

തിരുവനന്തപുരം: ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ നടന്ന സംഘര്‍ഷത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത ജയിലിലടച്ച അഞ്ച് പൊതുപ്രവര്‍ത്തകര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. കെ എം ഷാജഹാന്‍, എസ്യുസിഐ പ്രവര്‍ത്തകരായ കെ ഷാജിര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍ എന്നിവര്‍ക്കും തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

15,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് പ്രതികളെ വിട്ടിരിക്കുന്നത്. സ്വാധീനിക്കാന്‍ പാടില്ലെന്നും ജിഷ്ണുവിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജില്ല വിട്ട് പുറത്തുപോകരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്നീ വ്യവസ്ഥകളും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.

ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ഗൂഢാലോനക്കുറ്റം ചുമത്തിയാണ് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ ഷാജഹാനെ കഴിഞ്ഞ ദിവസം സി ഡിറ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരളാ സര്‍വ്വീസ് റൂള്‍സ് പ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സിഡിറ്റിലെ സയന്റിഫിക് ഓഫീസറാണ് ഷാജഹാന്‍.