പ്രതിപക്ഷ പ്രതിഷേധം മറികടക്കാന്‍ മാണി നിയമസഭയില്‍ തങ്ങിയേക്കും

maniതിരുവനന്തപുരം: ഇടതു മുന്നണിയുടെ നിയമസഭാ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ എം മാണി ഇന്നു നിയമസഭയില്‍ത്തന്നെ തങ്ങിയേക്കും. നിയമസഭാ വളപ്പിലുള്ള സ്പീക്കറുടെ വസതിയില്‍ തങ്ങാനാണ് ആലോചന. എം എല്‍ എ ഹോസ്റ്റലില്‍ തങ്ങി ജാഥയായി പോകാമെന്നും നിര്‍ദേശമുണ്ട്.

ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രിയെ ബജറ്റ് അവതരിപ്പിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്നും അദ്ദേഹം നിയസഭയില്‍ പ്രവേശിയ്ക്കുന്നത് തടയുമെന്നും പ്രതിപക്ഷം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്

ഇന്നു രാത്രി മുതല്‍ എല്‍ ഡി എഫ് ഉപരോധ സമരം ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. യുവമോര്‍ച്ചയും മാണിക്കെതിരെ ഉപരോധ സമരം നടത്തുന്നുണ്ട്. ഇതു കണക്കിലെടുത്ത് സംഘര്‍ഷം ഒഴിവാക്കാനാണു ഭരണപക്ഷം ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കുന്നത്. നഗരത്തില്‍ കനത്ത സുരക്ഷാ സന്നാഹമാകും ഒരുക്കുക. രണ്ടായിരത്തിലേറെ പൊലീസുകാര്‍ നഗരത്തിലെത്തിക്കഴിഞ്ഞു.