എം കെ ദാമോദരന്‍ അന്തരിച്ചു

കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ എം കെ ദാമോരന്‍(70) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് അഡ്വക്കറ്റ് ജനറലായത്. അടിയന്തരാവസ്ഥ കാലത്ത് എട്ടുമാസത്തോളം ജയിലിലായിരുന്നു. സൂര്യനെല്ലി പീഡനം, ഐസ്ക്രീം പാര്‍ലര്‍ തുടങ്ങിയ കേസുകളില്‍  അഭിഭാഷകനായിരുന്നു. എഴുപതുകളില്‍ നക്‌സ‌ലറ്റുകള്‍ക്ക് വേണ്ടി നിരവധി കേസുകളില്‍ ഹാജരായിട്ടുണ്ട്. എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ അഭിഭാഷകനായിരുന്നു. ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ അഖിലേന്ത്യാ നേതാവായിരുന്നു.

കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന  എം കെ ദാമോദരന്‍ തലശ്ശേരിയിലെ ഇടത്തരം കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. പഠന കാലയളവില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു . പ്ിന്നീട് എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ ചേര്‍ന്നു.1963 ല്‍ ബിരുദം നേടി. 1964 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു.തുടര്‍ന്ന് തലശ്ശേരിയില്‍ അഭിഭാഷകനായി. പിന്നീട് എറണാകുളത്തേക്ക് പ്രാക്ടീസ് മാറ്റുകയായിരുന്നു.

വൈകുന്നേരം 5.30ഓടെ മൃതദേഹം കച്ചേരിപ്പടിയിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 9 മുതല്‍ 11 മണി വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. കണ്ണൂര്‍ പയ്യാമ്പലത്ത് വൈകുന്നേരം 6 മണിയോടെയാണ് സംസ്‌കാരം.