ജസ്റ്റിസ് കര്‍ണന്‍ അറസ്റ്റില്‍

ചെന്നൈ : സുപ്രീംകോടതിയെ പരസ്യമായി ചോദ്യംചെയ്തതിലൂടെ വിവാദ നായകനായ കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി എസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായി. പശ്ചിമ ബംഗാള്‍-തമിഴ്നാട് പൊലീസ് സംയുക്തമായാണ് കോയമ്പത്തൂരിലെ മലുമിച്ചംപട്ടിയ്ക്ക് സമീപം ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്തതെന്ന് കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമീഷണര്‍ എ അമല്‍രാജ് അറിയിച്ചു. വിമാനമാര്‍ഗം ചെന്നൈയിലെത്തിച്ച കര്‍ണനെ അവിടെനിന്ന് കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും. നിയമം അനുസരിക്കുമെന്നും പോരാട്ടം തുടരുമെന്നും  അറസ്റ്റിലായ ജസ്റ്റിസ് കര്‍ണന്‍ കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലും ജസ്റ്റിസ് കര്‍ണന്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. എറണാകുളം പനങ്ങാടുള്ള ലേക് സിംഫണി എന്ന റിസോര്‍ട്ടിലായിരുന്നു അദ്ദേഹം താമസിച്ചത്. ഈമാസം 11 മുതല്‍ 13 വരെ ഇവിടെയുണ്ടായിരുന്നു എന്നാണ് വിവരം. രണ്ടു സഹായികളും ഒപ്പമുണ്ടായിരുന്നതായി അറിയുന്നു.

ഒളിവിലിരിക്കെ സ്വന്തം മൊബൈല്‍ രണ്ടുതവണ ഉപയോഗിച്ചതാണ് അറസ്റ്റിന് വഴിയൊരുക്കിയത്. കര്‍ണനെ തെരഞ്ഞുകൊണ്ടിരുന്ന പശ്ചിമ ബംഗാള്‍-തമിഴ്നാട് സംഘം ഒളിത്താവളത്തില്‍ എത്തുമ്പോള്‍ മാത്രമാണ് കോയമ്പത്തൂര്‍ പൊലീസ് വിവരം അറിയുന്നത്. ഒളിവില്‍ കഴിഞ്ഞ താമസസ്ഥലത്തു നിന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന്  പ്രയാസപ്പെട്ടെന്ന് സംഘത്തിലുള്ള പൊലീസുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് നേരിടേണ്ടിവരുമെന്നും മറ്റും പൊലീസുകാരോട് കര്‍ണന്‍ പറഞ്ഞു. എന്നാല്‍ കോടതി ഉത്തരവ് നടപ്പാക്കാനാണ് എത്തിയതെന്ന് അവര്‍ അദ്ദേഹത്തെ അറിയിച്ചു.

കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ആറുമാസത്തെ തടവിന് വിധിച്ചതിനെത്തുടര്‍ന്ന് മെയ് പത്തിനാണ് കര്‍ണന്‍ ഒളിവില്‍ പോയത്. ചീഫ്ജസ്റ്റിസ് ജെ എസ് ഖേഹര്‍ അടക്കമുള്ള ഏഴംഗ ബഞ്ചാണ് ശിക്ഷ വിധിച്ചത്.