Section

malabari-logo-mobile

ഗള്‍ഫ്‌ രാജ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ആത്മഹത്യ വര്‍ധിക്കുമായിരുന്നു;ജോയ്‌മാത്യു

HIGHLIGHTS : ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുമായിരുന്നുവെന്ന് ചലച്ചിത്ര താരവും സംവിധായകനുമായ ...

joy mathewദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുമായിരുന്നുവെന്ന് ചലച്ചിത്ര താരവും സംവിധായകനുമായ ജോയ് മാത്യു. ഇന്ത്യന്‍ മീഡിയ ഫോറം ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി എസ് ശശികുമാറിന് നല്കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ജോയ് മാത്യു.
നാല്‍പ്പത്തി മൂന്നാം വയസ്സിലാണ് താന്‍ ദുബൈയില്‍ ജോലി തേടിയെത്തിയതെന്ന് ജോയ് മാത്യു പറഞ്ഞു. ഗള്‍ഫില്‍ നിരവധി പേരെ കാണാന്‍ കഴിഞ്ഞതും അനുഭവങ്ങള്‍ ലഭിച്ചതും തന്റെ അഭിനയത്തെ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
കടത്തില്‍ മുങ്ങിയ എത്രയോ പേരെ കണ്ടിട്ടുണ്ട്. ഗള്‍ഫിലെത്തുന്നവരെല്ലാം ജോലി തേടുകയാണ്. പല തവണ പലയിടങ്ങളില്‍ ജോലി തേടുമ്പോള്‍ എവിടെയെങ്കിലും ലഭിക്കും. താനും അതുപോല നിരവധി സ്ഥലങ്ങളില്‍ ജോലി അന്വേഷിച്ചിരുന്നതായും അദ്ദേഹം ഓര്‍മിച്ചു. ആളുകളെ അറിയാനും നിരീക്ഷിക്കാനും ഗള്‍ഫ് ജീവിതം ഏറെ സഹായിച്ചിട്ടുണ്ട്. മുന്നറിയിപ്പ് എന്ന ചിത്രത്തിലെ പത്രപ്രവര്‍ത്തക വേഷം അത്തരത്തിലുള്ള നിരീക്ഷണത്തിലൂടെയാണ് ചെയ്തത്. കേരളത്തില്‍ ഒരുപക്ഷേ, മുന്നറിയിപ്പില്‍ താന്‍ ചെയ്ത ചന്ദ്രാജി എന്ന പത്രപ്രവര്‍ത്തക കഥാപാത്രത്തെ കണ്ടുകിട്ടില്ലെങ്കിലും മുംബൈയിലും ദല്‍ഹിയിലുമൊക്കെ അത്തരത്തിലുള്ളവരെ കാണാനാവും. വ്യക്തമായ രാഷ്ട്രീയ നിരീക്ഷണമുണ്ടാവുകയും അവയെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുമെങ്കിലും പലപ്പോഴും മദ്യപിച്ചാണ് ഇത്തരക്കാരുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചുകൂടെ നേരത്തെ സിനിമയില്‍ എത്താതിരുന്നത് നഷ്ടമായെന്ന തരത്തില്‍ ചിലര്‍ തന്നോട് സംസാരിക്കാറുണ്ട്. എന്നാല്‍ കുറേ മുമ്പേ സിനിമയില്‍ വന്നിരുന്നുവെങ്കില്‍ പല നായക നടന്മാരേയും പോലെ മുടിയും മീശയും ഡൈ ചെയ്ത് പ്രായം പുറത്തുകാണിക്കാതെ കൊട്ടത്തേങ്ങ പോലെ കഴിയേണ്ടി വരുമായിരുന്നുവെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് ജോയ് മാത്യു പറഞ്ഞു. മധ്യവയസ്സുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ളവര്‍ മലയാള സിനിമയില്‍ കുറവാണ്. പലര്‍ക്കും പ്രായം പുറത്തുകാണിക്കാന്‍ പ്രയാസമാണ്. എന്നാല്‍ തനിക്ക് തന്റെ പ്രായത്തില്‍ തന്നെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാനാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും നായകനടന്മാര്‍ക്ക് അത്തരത്തില്‍ പ്രത്യക്ഷപ്പെടേണ്ടി വരുന്നത് അവരുടെ ആരാധകരുടേയും സംവിധായകരുടേയും നിര്‍ബന്ധം കൊണ്ടുകൂടിയാണെന്നും ജോയ് മാത്യു സൂചിപ്പിച്ചു.
ചെറുതും വലുതുമായ വേഷങ്ങളില്‍ തനിക്ക് 21 മാസങ്ങള്‍ക്കകം 49 സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. അവയില്‍ പലതും ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമായി. അതുകൊണ്ടുതന്നെ ഐശ്വര്യമുള്ള നടനാണ് താനെന്ന് സ്വയം പ്രചരിപ്പിക്കാറുണ്ടെന്നും അങ്ങനെ വേഷം കിട്ടുമെങ്കില്‍ കിട്ടട്ടെയെന്നും ജോയ് മാത്യു പരിഹാസ രൂപേണ പറഞ്ഞു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!