പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വി എം സതീഷ് അന്തരിച്ചു

പ്രമുഖ മാധ്യമപ്രവര്‍ത്തകനായ വി എം സതീഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി അജ്മാനിലെ ഖലീഫ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. 54 വയസ്സായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും.

കോട്ടയം ഇത്തിത്താനം സ്വദേശിയായ സതീഷ് രണ്ട് പതിറ്റാണ്ട് കാലം ഒമാനിലെയും ദുബൈയിലെയും മാധ്യമരംഗത്തെ സജീവ സാന്നിധ്യമായിരുന്നു. മുംബൈയില്‍ ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് മാധ്യപ്രവര്‍ത്തനം ആരംഭിച്ചത്. ദുബൈയില്‍ എമിറേറ്റ്‌സ് ടുഡേ, സെവന്‍ഡേയ്‌സ്, എമിറേറ്റ്‌സ് 24 7, ഖലീജ് ടൈംസ് എന്നിവയില്‍ ജോലി ചെയ്തു.

സ്വന്തമായി തുടങ്ങിയ വാര്‍ത്താ പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആവശ്യത്തിനായാണ് കഴിഞ്ഞദിവസം സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയത്. സതീഷിന്റെ റിപ്പോര്‍ട്ടുകള്‍ ഡിസട്രസിങ് എന്‍കൗണ്ടേഴ്‌സ് എന്ന പേരില്‍ പുസ്തകമായിട്ടുണ്ട്.

നാട്ടിലെത്തിച്ച ശേഷം മൃതദേഹം വെള്ളിയാഴ്ച കോട്ടയം പ്രസ്‌ക്ലബില്‍ പൊതുദര്‍ശനത്തിന് വെക്കും.