Section

malabari-logo-mobile

നിക് ഉട്ടിന്റെ ചിത്രങ്ങൾ സാമ്രാജ്യത്വ ക്രൂരതയുടെ  സാക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

HIGHLIGHTS : തിരുവനന്തപുരം :സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ ഉയർത്തിപിടിക്കുന്ന നിക്ക് ഉട്ടിന്റെ ചിത്രങ്ങൾ ജീവിതം തുളുമ്പി നിൽക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി...

തിരുവനന്തപുരം :സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ ഉയർത്തിപിടിക്കുന്ന നിക്ക് ഉട്ടിന്റെ ചിത്രങ്ങൾ ജീവിതം തുളുമ്പി നിൽക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള മീഡിയ അക്കാദമി ഇൻഫർമേഷൻ-പബ്ളിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെ തിരുവനന്തപുരം ടാഗോർ സെന്റിനറി ഹാളിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര വാർത്ത ചിത്ര മേള  ഉദ്ഘാടനം ചെയ്ത,് പ്രഥമ വേൾഡ് പ്രസ് ഫോട്ടോഗ്രാഫർ പ്രൈസ് ലോകപ്രശസ്ത  ഫോട്ടോ ജേർണലിസ്റ്റ് നിക്ക് ഉട്ടിന് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റ ക്ലിക്കിൽ നിക്ക് ഉട്ട് സാമ്രാജ്യത്വത്തിന്റെ ക്രൂരതകൾ ലോകത്തിന് മുന്നിൽ പകർന്നു നൽകി. ആയിരം വാക്കുകളെക്കാൾ ശക്തമായി ആശയം ജനമനസ്സുകളിലേക്ക് എത്തിക്കുന്നതിന് ഒരു ഫോട്ടോയ്ക്ക് സാധിക്കും. ഒരു സെൽഫി പോലും തീവ്രമായി പ്രതികരണം ഉയർത്തുമെന്ന് അട്ടപ്പാടിയിലെ മധുവിന്റെ ചിത്രം ഓർമ്മപ്പെടുത്തുന്നു. എല്ലാവരെയും വേദനിപ്പിച്ച ആ സംഭവത്തിലെ പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചതും ചിത്രങ്ങളാണ്. നാട്ടിലെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ശക്തമായി അവതരിപ്പിക്കാൻ ഫോട്ടോ ജേർണലിസ്റ്റുകൾക്ക് സാധിക്കും.  ഓരോ സ്നാപ്സും മനസ്സിൽ പതിയുന്നതാകണമെന്ന് ഫോട്ടോഗ്രാഫർക്ക് നിർബന്ധമുണ്ടാകണം. സാങ്കേതിക ജ്ഞാനവും അതീവ സൂക്ഷ്മതയും വിഷയം കണ്ടെത്താനുള്ള ജാഗ്രതയും ഒഴിച്ചുകൂടാനാവാത്തതാണ്. ഇങ്ങനെയാണ് മഹത്തായ ചിത്രങ്ങൾ ഉണ്ടാകുന്നത്.  ലോകമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ നിരവധി ചിത്രങ്ങളുണ്ട്.  വിയറ്റ്നാം യുദ്ധത്തിൽ ബോംബാക്രമണത്തിൽ പരുക്കേറ്റ് ചുട്ടുപൊള്ളിയ ശരീരവുമായി ഓടുന്ന കുട്ടിയുടെ ചിത്രം ലോകത്തിന്റെ ഉള്ളു പൊള്ളിച്ചു.  ലോക പ്രസ് ഫോട്ടോഗ്രാഫർ പ്രൈസ് നിക്ക് ഉട്ടിന് സമ്മാനിച്ചതിലൂടെ കേരള മീഡിയ അക്കാദമി സ്വയം ആദരിക്കപ്പെടുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫോട്ടോഗ്രാഫിയുടെ ദുരുപയോഗം  അടുത്ത കാലത്തായി വർദ്ധിച്ചുവരുന്നുണ്ട്. വിഷലിപ്തമായ രാഷ്ട്രീയ പ്രചരണത്തിന് ഫോട്ടോഗ്രാഫിയെ ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.  തെറ്റായ അടിക്കുറിപ്പുകളിലൂടെ വസ്തുതകളെ തെറ്റായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലിഫോർണിയ യാത്രയിൽ പകർത്തിയ അപൂർവചിത്രങ്ങളുടെ ആൽബം മുഖ്യമന്ത്രി  പിണറായി വിജയന് നിക്ക് ഉട്ട്  സമ്മാനിച്ചു. വിയറ്റ്നാം യുദ്ധത്തിൽ നാപാം ബോംബാക്രമണത്തിൽ പരുക്കേറ്റ കുട്ടികളുടെ ചിത്രമെടുക്കുകയും പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്ത അനുഭവങ്ങൾ നിക് ഉട്ട് മറുപടി പ്രസംഗത്തിൽ പങ്കുവച്ചു. ലോസ് ഏഞ്ചൽസ് ടൈംസ് ഫോട്ടോ എഡിറ്റർ റൗൾ റോ, വിഖ്യാത ഗസൽ ഗായകൻ അനൂപ് ജലോട്ട, അന്തർദേശീയ പ്രശസ്തരായ വനിത ഫോട്ടോ ജേർണലിസ്റ്റ് സിപ്രദാസ്, സരസ്വതി ചക്രബർത്തി, എ.എഫ്.പി. ഫോട്ടോഗ്രാഫർ ആർ. രവീന്ദ്രൻ എന്നിവരെ മുഖ്യമന്ത്രി ഉപഹാരം നൽകി ആദരിച്ചു.  മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു.  മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രഭാവർമ്മയെയും മികച്ച  തിരക്കഥയ്ക്കുള്ള സംസ്ഥാന  ചലച്ചിത്ര പുരസ്‌ക്കാരം നേടിയ സജീവ് പാഴൂരിനെയും നിക്ക് ഉട്ട് പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.  റൗൾ റോ ഉപഹാരവും സിപ്രദാസ്  പുസ്തകവും മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് സെക്രട്ടറി കിരൺ ബാബു എന്നിവർ പ്രസംഗിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!