പഞ്ചാബില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനേയും അമ്മയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മൊഹാലി : പഞ്ചാബില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനേയും അമ്മയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രമുഖ പത്രപ്രവര്‍ത്തകനും ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെ മുന്‍ ന്യൂസ് എഡിറ്ററുമായ കെ ജെ സിംഗ്, അമ്മ ഗുര്‍ചരണ്‍ കൗര്‍ (92) എന്നിവരെയാണ് മൊഹാലിയിലെ എസ്എഎസ് നഗറിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സിംഗിന്റെ കഴുത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയതായി ഡിഎസ്‌പി ആലം വിജയ് സിംഗ് പറഞ്ഞു. ഗുര്‍ചരണിനെ കഴുത്ത് ഞെരിച്ചാണ് കൊന്നത്. അയല്‍ക്കാര്‍ വിവരം അറിയിച്ചതറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ മുറിക്കുള്ളില്‍ രക്തം തളം കെട്ടി കിടക്കുകയായിരുന്നു. സിംഗിന്റെ ഫോര്‍ഡ് ഐക്കണ്‍ കാര്‍, എല്‍സിഡി അടക്കമുള്ളവ നഷ്ടമായിട്ടുണ്ട്. എന്നാല്‍, ഇരുവരുടേയും കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലകള്‍ മോഷണം പോയിട്ടില്ല.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ഈ മാസം കൊല്ലപ്പെടുന്ന മൂന്നാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് കെ ജെ സിംഗ്.