ഗൗരി ലങ്കേഷിന്റെ കൊലപാതകം;വ്യാപക പ്രതിഷേധം;പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം

ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ശക്തമാക്കി. ഗൗരി ലങ്കേഷിന്റെ വീട്ടിനു മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പരിശേധിച്ചുവരികയാണിപ്പോള്‍. കേസന്വേഷിക്കാനായി മൂന്ന് പോലീസ് സംഘങ്ങളെ നിയോഗിച്ചകായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.എന്നാല്‍ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഗൗരി ലങ്കേഷിന്റെ കുടുംബം ആവശ്യപ്പെട്ടു.

വര്‍ഗീയ വാദികള്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ചയാളായിരുന്നു ഗൗരി. നരേന്ദ്ര ദഭോല്‍ക്കര്‍, കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങള്‍ക്ക് സമാനമായ കൊലയാണ് ഗൗരിയുടെ കൊലയും.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ബൈക്കിലെത്തിയ അക്രമികള്‍ വീടിന്റെ പ്രവേശന കവാടത്തിന് സമീപം വെച്ചാണ് ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാര്‍ വീട്ടുമുറ്റത്തേക്ക് കയറ്റാനായി ഗേറ്റ് തുറക്കാന്‍ പുറത്തിറങ്ങിയ ഉടനെയായിരുന്നു ആക്രമണം. അക്രമികള്‍ ബൈക്കില്‍ ഇവരെ പിന്‍തുടരുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വെടിയേറ്റ ഗൗരി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

കര്‍ണാടകയില്‍ നിലനില്‍ക്കുന്ന വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായ നിലപെടുത്ത പുരോഗമന പ്രവര്‍ത്തകരില്‍ മുന്‍നിരയിലുള്ള മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുകയാണ്.