അണവക്കരാര്‍ ;ജോണ്‍ കെറി ദോഹയില്‍ എത്തുന്നു

images (1)ദോഹ: ഇറാനും വന്‍ശക്തികളും തമ്മില്‍ ഒപ്പുവച്ച അണവക്കരാര്‍ സംബന്ധിച്ച് ജി സി സി രാജ്യങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി ദോഹയില്‍ എത്തുന്നു. ആഗസ്ത് മൂന്നിനാണ് കെറി ദോഹയില്‍ ജി സി സി രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച നടത്തുക.  ആണവകരാറിനെ ഖത്തര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം പാശ്ചാത്യ രാജ്യങ്ങളും ഇറാനും ഒപ്പുവെച്ച ആണവ കരാര്‍ ലോകത്തിന് മൊത്തത്തില്‍ ഗുണകരമായിരിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ അഭിപ്രായപ്പെട്ടു. ഇറാനുമായുള്ള ആണവ പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട രാജ്യങ്ങളിലൊന്ന് ഖത്തറാണെന്നും സി എന്‍ എന്നിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.  അറബ് മേഖലയെ ആണവ ഭീഷണിയില്‍ നിന്ന് മോചിപ്പിക്കുക എന്നതിനാണ് ഖത്തര്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍, അന്താരാഷ്ട്ര സമിതികളുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും സമാധാന പരമായ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കാം എന്ന നിലപാടാണ് ഖത്തറിനുള്ളതെന്നും അല്‍ അത്തിയ ആവര്‍ത്തിച്ചു. കരാറിനെ അപലപിക്കുന്ന ഇസ്രാഈല്‍ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ഖത്തറിന്റെയും ഇസ്രാഈലിന്റെയും നിലപാടുകള്‍ രണ്ടാണ്.