ജിഷ വധക്കേസ്; അമീറുള്‍ ഇസ്‌ളാം കുറ്റക്കാരന്‍; ശിക്ഷ നാളെ

കൊച്ചി: ജിഷ വധക്കേസിലെ ഏകപ്രതി അമീറുള്‍ ഇസ്‌ളാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ശിക്ഷ നാളെ വിധിക്കും. കേസിലെ കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി ശരിവെച്ചു. ഐപിസി 449, 342, 376,302 വകുപ്പുകളാണ് പ്രതിക്കുമേല്‍ കോടതി ചുമത്തിയത്. പട്ടികജാതി പീഡന വകുപ്പ് നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. പ്രതിക്ക് പറയാനുള്ളതും കൂടി കേട്ടശേഷമായിരിക്കും ശിക്ഷവിധിക്കുക.

പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. അതെസമയം പ്രതിക്ക് കുറഞ്ഞ ശിക്ഷ ലഭിക്കാന്‍ വാദിക്കുമെന്ന് അഡ്വ.ആളൂര്‍ പറഞ്ഞു.

2016 ഏപ്രില്‍ 28 നാണ് ജിഷ കൊല്ലപ്പെട്ടത്. 2106 നവംബര്‍ 2 ന് ആരംഭിച്ച വിചാരണയില്‍ 74 ദിവസം 100 സാക്ഷികളെ വിസ്തരിച്ചു. 291 രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്ത് അഞ്ച് സാക്ഷികളും 19 രേഖകളുമാണ് ഉണ്ടായിരുന്നത്. 923 ചോദ്യങ്ങള്‍ക്ക് രണ്ടു ദിവസംകൊണ്ടാണ് കോടതി വിശദീകരണം തേടിയത്.