കമ്പനി പൂട്ടി; ജിദ്ദയില്‍ ഭക്ഷണം പോലും ലഭിക്കാതെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍

Untitled-1 copyറിയാദ്‌ : കമ്പനി പൂട്ടിയതോടെ ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ്‌ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തൊഴിലാളികള്‍. ജിദ്ദയിലെ സൗദി ഓജര്‍ കമ്പനിയാണ്‌ പൂട്ടിയത്‌. കഷ്ടപ്പാടിലായ തൊഴിലാളികള്‍ക്ക്‌ ജിദ്ദയിലെ വിവിധ മലയാളി സംഘടനകളും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഭക്ഷണം എത്തിച്ചു നല്‍കി.

സൗദി ഓജര്‍ കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികളായിരുന്നു മാസങ്ങളായി ശമ്പളം ലഭിക്കാതെ വലഞ്ഞത്. കമ്പനി പൂട്ടിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ വഴിയാധാരമായത്. കഴിഞ്ഞ ദിവസം തൊഴിലാളികള്‍ സംഘടിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
സൗദി ഓജര്‍ കമ്പനിയില്‍ ഏകദേശം 800 ഓളം ഇന്ത്യക്കാര്‍ ജോലിചെയ്യുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവരോടൊപ്പം ഏതാനും മലയാളികളും ഇതില്‍ ഉള്‍പ്പെടും.

തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇടപെട്ടപ്പോള്‍ എല്ലാ അവകാശങ്ങളും നല്‍കി നാടുകളിലേക്ക് കയറ്റിവിടാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ കമ്പനി അധികൃതര്‍ ഉറപ്പ് പാലിച്ചില്ലെന്നും സൗദി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ പറഞ്ഞു. ഉറപ്പ് പാലിക്കാത്തതിനാല്‍ വിഷയത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കാന്‍ മക്ക തൊഴില്‍കാര്യാലയ മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വൃക്തമാക്കി. വിഷയം സംബന്ധമായി സൗദി അധികൃതരുമായി ആശയവിനിമയം നടത്തുന്നതിന് കേന്ദ്ര വിദേശകാരൃ സഹമന്ത്രി വി കെ സിങ് അടുത്ത ദിവസം ജിദ്ദ സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.

തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് പ്രശ്‌നത്തിലിടപെടുകയും ഇന്ത്യന്‍ എംബസിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.