ജിദ്ദയില്‍ വാഹനാപകടം; കോഴിക്കോട്‌ സ്വദേശികളായ യുവതിയും ഭര്‍തൃമാതാവും മരിച്ചു

Story dated:Saturday March 5th, 2016,09 10:am
sameeksha sameeksha

Untitled-1 copyജിദ്ദ: ജിദ്ദിലുണ്ടായ വാഹനാപകടത്തില്‍ രണ്ട്‌ കോഴിക്കോട്‌ സ്വദേശികള്‍ മരിച്ചു. കോഴിക്കോട്‌ അത്തോളി സ്വദേശി ശമലും കുടുംബവുമാണ്‌ അപകടത്തില്‍പ്പെട്ടത്‌. ശമലിന്റെ മാതാവ്‌ ആസ്യ മുഹമ്മദലി(56), ഭാര്യ സമീറ ശമല്‍(26) എന്നിവരാണ്‌ മരിച്ചത്‌. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശമലിന്റെ രണ്ടര വയസുള്ള മകള്‍ അനബിയയെ മക്ക അല്‌നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അപകടത്തില്‍ നിസാര പരിക്കേറ്റ ശമല്‍(37), മകന്‍ അയലിന്‍(6), പിതാവ്‌ മുഹമ്മദലി(66) എന്നിവരെ പ്രാഥമിക ചികിത്സയ്‌ക്ക്‌ ശേഷം വിട്ടയച്ചു.

മൃതദേഹങ്ങള്‍ ജിദ്ദയിലെ കിംഗ്‌ ഫഹദ്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. വ്യാഴാഴ്‌ച ഉംറ നിര്‍വഹിച്ച ശേഷം വെള്ളിയാഴ്‌ച രാവിലെ 6.30 ന്‌ ജിദ്ദയില്‍ നിന്നും മദീന സന്ദര്‍സനത്തിനായി പോകുമ്പോള്‍ ജിദ്ദക്കടുത്തു തുവലില്‍ വെച്ചാണ്‌ അപകടം സംഭവിച്ചത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക്കിടിച്ചാണ്‌ അപകടം സംഭവിച്ചത്‌.

കുടുംബസമേതം ജിദ്ദയില്‍ കഴിയുന്ന ശമല്‍ അവിടെ അക്കൗണ്ടന്റായി ജോലി ചെയ്‌തുവരികയാണ്‌. പത്തു ദിവസം മുമ്പാണ്‌ ശമലിന്റെ മാതാപിതാക്കള്‍ സന്ദര്‍ശന വിസയില്‍ ജിദ്ദയിലെത്തിയത്‌.

ഫോട്ടോ കടപ്പാട്‌ : മാധ്യമം ഓണ്‍ലൈന്‍