ജെറ്റ് എയര്‍ കോഴിക്കോട്, തിരുവനന്തപുരം സര്‍വീസ് ആരംഭിക്കുന്നു

Jet-Airwaysദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ജെറ്റ് എയര്‍വേയ്‌സ് കേരളത്തിലേക്ക് രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കും.
നിലവില്‍ കൊച്ചിയിലേക്ക് നടത്തുന്ന ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും പറക്കും. ജൂലൈ മാസത്തോടെ ജെറ്റ് എയര്‍വെയ്‌സ് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട്ടേക്കും മുംബൈയിലേക്കുമാണ് പുതുതായി സര്‍വീസുകള്‍ ആരംഭിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പുതുതായി തിരുവനന്തപുരം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. പുതിയ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഒന്നര മാസത്തിനകം  കോഴിക്കോട്, തിരുവനന്തപുരം സര്‍വീസുകള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യഘട്ടത്തില്‍ ബജറ്റ് എയര്‍ലൈനുകളാണ് സര്‍വീസ് നടത്തുക.
രണ്ടാം ഘട്ടത്തിലാണ് ജെറ്റ് എയറിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് ആരംഭിക്കാനാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രണ്ട് പുതിയ സര്‍വീസുകള്‍ ആരംഭിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടാണ് പുതിയ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിനായി കാത്തിരിക്കുന്നത്.