മണ്ണാര്‍ക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: മണ്ണാര്‍ക്കാട് സ്വദേശി അബ്ദുല്‍ സലാം പുത്തനങ്ങാടി (47) ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു. അമീര്‍ സുല്‍ത്താനിലെ സുല്‍ത്താന്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിചെയ്തുവരികയായിരുന്നു. 20 വര്‍ഷത്തിലധികമായി ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് ജോലിസ്ഥലത്തു നിന്ന് സഹപ്രവര്‍ത്തകനോടൊപ്പം താമസസ്ഥലത്ത് എത്തിയതായിരുന്നു. ഭക്ഷണത്തിനു ശേഷം ഓഫിസിലേക്ക് മടങ്ങാനിറങ്ങവെയാണ് ഹൃദയാഘാതമുണ്ടായത്. മൂന്നു മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയത്.
ഇന്നലെ മഗ്‌രിബ് നമസ്‌കാരാനന്തരം റുവൈസ് മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിലും റുവൈസ് മഖ്ബറയിലെ ഖബറടക്ക ചടങ്ങിലും നാട്ടുകാരും സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരുമായ നിരവധി പേര്‍ പങ്കെടുത്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കുന്നതിന് ബന്ധുക്കളായ സാദിഖ്, സൈനുദ്ദീന്‍, മുഹമ്മദ് ഷബീര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള ഘടകം സംസ്ഥാന സമിതിയംഗം കോയിസ്സന്‍ ബീരാന്‍കുട്ടി, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കുഞ്ഞായിന്‍കുട്ടി നേതൃത്വം നല്‍കി.
പാത്തുമ്മക്കുട്ടിയാണ് മാതാവ്. ഭാര്യ: ഉമ്മു ഹബീബ. മക്കള്‍: ശഹാന തസ്‌നി, ഷാലിമ, ശബ്‌ന, ശിബില്‍ ബാബു. മരുമക്കള്‍: ജംഷീര്‍ (ഒമാന്‍), മുഹമ്മദ് ഷബീര്‍ (ജിദ്ദ).