ജസ്വന്ത് സിംഗ് സ്വതന്ത്രനായി മത്സരിക്കും

jaswanthജയ്പൂര്‍ : ബിജെപിക്കെതിരെ ജസ്വന്ത് സിംഗ് സ്വതന്ത്രനായി മത്സരിക്കും. രാജസ്ഥാനിലെ ബാര്‍മറില്‍ ബിജെപി ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ജസ്വന്ത് സിംഗ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ്സ് വിട്ടു വന്ന സോനാറാം ചൗധരിയെ ബാര്‍മറില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. അദ്വാനിയുമായുള്ള തര്‍ക്കം ഒരു വിധത്തില്‍ അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ബിജെപിക്ക് മറ്റൊരു മുതിര്‍ന്ന നേതാവായ ജസ്വന്ത് സിംഗ് തലവേദനയായിരിക്കുന്നത്.

മാര്‍മറില്‍ ജസ്വന്ത് സിംഗ് സ്വതന്ത്രനായി മത്സരിക്കുകയാണെങ്കില്‍ അത് ബിജെപിക്ക് ക്ഷീണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ ജസ്വന്ത് സിംഗ് പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ നിന്നുള്ള എംപിയാണ്.

ഡാര്‍ജിലിങ്ങില്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തതായും അതുകൊണ്ട് തന്നെ തന്റെ സ്വദേശമായ ബാര്‍മറില്‍ നിന്ന് മത്സരിക്കണമെന്നതാണ് തന്റെ മോഹമെന്നും ഇതു തന്റെ അവസാന തെരഞ്ഞെടുപ്പാണെന്നും ജസ്വന്ത് സിംഗ് പറഞ്ഞു. സിംഗ് മാര്‍ച്ച് 24 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.