ജസീറ സമരം അവസാനിപ്പിച്ചു

jaseeraദില്ലി: മണല്‍മാഫിയക്കെതിരെ ദില്ലിയില്‍ നടത്തിവന്ന സമരം ജസീറ അവസാനിപ്പിച്ചു. മുഖ്യമന്ത്രി മണല്‍മാഫിയക്കെതിരെ നടപടിയെടുക്കുമെന്ന് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം നിര്‍ത്തുന്നതെന്ന് ജസീറ അറിയിച്ചു.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ജസീറ തന്റെ തീരുമാനം വ്യക്തമാക്കിയത്. തന്റെ സമരം വിജയം കണ്ടെന്ന് പറഞ്ഞ ജസീറ സാമൂഹിക വിഷയങ്ങളുമായി താന്‍ മുന്നോട്ടുപോകുമെന്നും പറഞ്ഞു.

മണ്‍ മാഫിയക്കെതിരെ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ 62 ദിവസം സമരം നടത്തിയ ശേഷമാണ് ജസീറ നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ദില്ലിലേക്ക് സമരം മാറ്റിയത്. ജസീറയുടെ സമരം ദില്ലിയില്‍ മൂന്ന് മാസം പിന്നിട്ടിരിക്കുകയാണ്.

മാടായി കടപ്പുറത്തെ മണല്‍ കടത്തിനെതിരെ ജസീറ ആദ്യം പഴയങ്ങാടി പോലീസ് സ്‌റ്റേഷനു മുന്നിലും പിന്നീട് കലക്ട്രേറ്റിന് മുന്നിലും സമരം നടത്തിയിരുന്നു.

അതെസമയം എപി അബ്ദുള്ളക്കുട്ടിക്കെതിരെ എവിടെ വേണമെങ്കിലും മത്സരിക്കാമെന്നും ജസീറ ആവര്‍ത്തിച്ചു. ജനങ്ങള്‍ അബ്ദുള്ളക്കുട്ടിയെ പോലുള്ള രാജ്യദ്രോഹികളെ തിരിച്ചറിയണമെന്നും ഇത്തരം ആളുകളെ പച്ചയ്ക്ക് തൂക്കിക്കൊല്ലണമെന്നും ജസീറ നേരത്തെ പറഞ്ഞിരുന്നു.

എപി അബ്ദുള്ളക്കുട്ടി തന്റെ ലേഖനം വിവാദമാക്കിത്തരണമെന്ന് മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തായതിനോട് പ്രതികരിക്കവെയാണ് ജസീറ ഈ പരാമര്‍ശം നടത്തിയത്.