ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സൈനിക ഉദ്യോഗസ്ഥനെ ഭീകരർ കൊലപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് വെടിയുണ്ടകളേറ്റ നിലയിൽ ഉമര്‍ ഫയാസിന്റെ മൃതദേഹം കണ്ടെത്തിയത്. കശ്മീരിലെ കുല്‍ഗാം സ്വദേശിയാണ് ഉമര്‍ ഫയാസ്. ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്ന് സൈന്യം സ്ഥിരീകരിച്ചു.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം അദ്ദേഹം ഷോപിയാനിലെത്തിയത്. ഷോപിയാനില്‍  താമസിച്ച സ്ഥലത്തുനിന്ന് ഇദ്ദേഹത്തെ ഭീകരര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിമുതല്‍ അദ്ദേഹത്തെ കാണാതായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ഈ വിവരം അധികൃതരെ അറിയിച്ചിരുന്നില്ല. ഭീകരര്‍ അദ്ദേഹത്തെ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. സംഭവത്തെക്കുറിച്ച് സൈന്യവും പൊലീസും വിശദമായ അന്വേഷണം തുടങ്ങി.