കാശ്മീരില്‍ ബിജെപി-പിഡിപി സര്‍ക്കാര്‍ അധികാരമേറ്റു

rally-mainശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ബി ജെ പി-പി ഡി പി സഖ്യസര്‍ക്കാര്‍ അധികാരമേറ്റു. പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സയീദ്് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ നരീന്ദര്‍ നാഥ് വോറ സത്യ വാചകം ചൊല്ലിക്കൊടുത്തു. ജമ്മു യൂണിവേഴ്‌സിറ്റിയിലെ സോറാവര്‍ സിംഗ് ഓഡിറ്റോറിയത്തിലാണു ചടങ്ങു നടന്നത്.

ഞായറാഴ്ച രാവിലെ 11 നായിരുന്നു സത്യപ്രതിജ്ഞ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, എല്‍ കെ അഡ്വാനി, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, പി ഡി പി നേതാവ് മെഹബൂബ മുഫ്തി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബി ജെ പിയിലെ നിര്‍മല്‍ സിംഗ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ഉള്‍പ്പെടെ 25 അംഗങ്ങളാണ് മന്ത്രി സഭയിലുള്ളത്. ബി ജെ പിയില്‍നിന്നു 12പേരും പി ഡി പിയില്‍ നിന്നു 13 പേരുമാണ് ഉണ്ടാവുക.

ഇത് രണ്ടാം തവണയാണ് മുഫ്തി മുഹമ്മദ് സയീദ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2002 ല്‍ കോണ്‍ഗ്രസ് -പി ഡി പി സര്‍ക്കാരില്‍ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവിടെ തെരഞ്ഞെടുപ്പു നടന്നത്.

87 അംഗ നിയമസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. 28 സീറ്റുകള്‍ നേടി പി ഡി പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്. 25 സീറ്റുകള്‍ നേടി ബി ജെ പി രണ്ടാമതെത്തി. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ വന്നതോടെ സംസ്ഥാനം ഗവര്‍ണര്‍ഭരണത്തിലായി.