ജയിലില്‍ ഫേസ് ബുക്ക് ;പ്രതികള്‍ മൊബൈല്‍ ഉപയോഗിച്ചത് ജയിലില്‍ നിന്ന് തന്നെ;ഇന്റലിജന്‍സ്

999605_422278291231873_203852970_nകോഴിക്കോട് : ടിപി വധകേസിലെ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ജയിലിനുള്ളില്‍ നിന്നാണെന്ന് ഇന്റലിജന്‍സ് വിഭാഗം. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കെഷന്‍ ശേഖരിച്ചു. 4 സിമ്മ് കാര്‍ഡുകളാണ് ശേഖരിച്ചത്. ജയില്‍ റോഡ് പരിസരവും കോണ്‍ട്രസ്റ്റുമാണ് ടവര്‍ ലൊക്കേഷനായി കാണിക്കുന്നത്. ഇതോടെ പ്രതികള്‍ ജയിലില്‍ നിന്നു തന്നെയാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നത് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗമാണ്.

നീലേശ്വരം, ബേപ്പൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്കാണ് 4 പേരുടെ നമ്പറുകളില്‍ നിന്നും കോളുകള്‍ പോയിട്ടുള്ളത്. 7 മൊബൈല്‍ നമ്പറുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണ്. പ്രതികള്‍ സ്വന്തം പേരിലുള്ള മൊബൈല്‍ നമ്പറുകളല്ല ഉപയോഗിച്ചത്.

വടകര സ്വദേശി അഹമ്മദ്, തലശ്ശേരി സ്വദേശി പ്രജൂഷ്, മാഹി സ്വദേശി അജേഷ് എന്നിവരുടെ പേരിലുള്ള മൊബൈല്‍ നമ്പറുകളാണ് പ്രതികള്‍ ഉപയോഗിച്ചത്. പ്രതികള്‍ വിളിച്ചവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൂടുതലായും സാക്ഷികളെയാണ് വിളിച്ചതെന്നാണ് റിപ്പോര്‍ട്ട്. റിമാന്‍ഡ് പ്രതികളായി ജയിലിലെത്തിയകാലം മുതല്‍ തന്നെ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം കിര്‍മാണി മനോജ് ടിപി വധകേസിന് മുമ്പേ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.