ജയിലിലെ ഫേസ്ബുക്ക്; തിരുവഞ്ചുരിനെ ഇറക്കിവിടാന്‍ ഐ ഗ്രൂപ്പ്

thiru sudhaകോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ വെച്ച് സ്മാര്‍ട്ട് ഫോണും ഫെയ്‌സ് ബുക്കും ഉപയോഗിച്ച സംഭവം കോണ്‍ഗ്രസ്സിനകത്ത് ആഭ്യന്തരമന്ത്രിക്കെതിരെയുള്ള കാലാപമായി മാറുന്നു. കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ്സ് നേതാവുമായ കെ സുധാകരന്‍ ആഭ്യന്തരമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. 9 കെഎസ്‌യു ജില്ലാ കമ്മറ്റികള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തരമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈകമാന്‍ഡിന് ഫാക്‌സയച്ചു.

മന്ത്രി സ്ഥാനം കുടുംബ സ്വത്തല്ലെന്നും തിരുവഞ്ചൂരിന് സിപിഐഎം നേതാക്കളുമായി രഹസ്യ ധാരണയുണ്ടെന്നും കെ സുധാകരന്‍ എംപി ആരോപിച്ചു. ടിപി കേസിന്റെ അനേ്വഷണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചെന്നും ടിപി കേസിന്റെ അനേ്വഷണം പി മോഹന്‍മാസ്റ്റര്‍ക്ക് അപ്പുറത്തേക്ക് പോയില്ലെന്നും ഇക്കാര്യം ആരെ സഹായിക്കാനാണെന്ന് വ്യക്തമാണെന്നും സുധാകരന്‍ പറഞ്ഞു. ഉന്നത നേതൃത്വത്തിലേക്ക് അനേ്വഷണം എത്താതിരിക്കാന്‍ പോലീസ് ചട്ടം വരെ അട്ടിമറിച്ചുവെന്നും സുധാകരന്‍ ആരോപിച്ചു. പോരായ്മകള്‍ ചൂണ്ടി കാട്ടുമ്പോള്‍ പരിഹാസത്തിന്റെ ഭാഷയിലാണ് തിരുവഞ്ചൂരിന്റെ പ്രതികരണമെന്നും ‘അല്‍പ്പന് അര്‍ത്ഥം കാട്ടിയാല്‍ അര്‍ദ്ധരാത്രിയും കുടപിടിക്കു’മെന്നൊരു ചൊല്ലുണ്ടെന്നും തിരുവഞ്ചൂര്‍ ആ നിലവാരത്തിലേക്ക് പോകരുതെന്നും സൂധാകരന്‍ ഉപദേശിച്ചു.

കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രിക്ക് നേരെ കല്ലേറുണ്ടാകുന്നതിന് മുമ്പ് തുരുവഞ്ചൂര്‍ സിപിഐഎം നേതാവും ഇപി ജയരാജനെ എക്‌സ്‌കോര്‍ട്ടും ഗണ്‍മാനെയും ഒഴിവാക്കി വീട്ടിലെത്തി കണ്ടു എന്നു തുടങ്ങി ഗുരുതര ആരോപണങ്ങളാണ് തിരുവഞ്ചൂരിനെതിരെ കെ സുധാകരന്‍ എംപി കണ്ണൂരില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്.

തിരുവഞ്ചൂര്‍ മാറണമെന്നും ഈ പോക്ക് പോയാല്‍ യുഡിഎഫിന്റെ നില അപകടത്തിലാണെന്നും കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു.

അതേ സമയം തന്നെ മന്ത്രിയാക്കിയവര്‍ പറഞ്ഞാല്‍ മന്ത്രി സ്ഥാനം ഒഴിയാമെന്നും അല്പനാരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും തന്നെ അല്പനെന്ന് വിളിച്ച സുധാകരനോട് മറുപടി പറയാന്‍ ഇല്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. 50 വര്‍ഷമായി കാച്ചി കുറുക്കുകൊണ്ടു വന്ന വ്യക്തിത്വമാണ്തന്റേതെന്നും അതില്‍ മാലിന്യമിടാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.