ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം; ടിപി വധകേസ് പ്രതികളെ ജയില്‍ മാറ്റും; ഉദ്യോഗസ്ഥര്‍ക്ക്‌ കൂട്ട സ്ഥലമാറ്റം

1468762_1443494459211496_686758925_nകോഴിക്കോട് : ടിപി വധകേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ വെച്ച് മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജയില്‍ മാറ്റം. ജയില്‍ മാറ്റം ആവശ്യപ്പെട്ട് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കി. ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച 28 ജീവനക്കാരെ സ്ഥലംമാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

ജയില്‍ ചട്ട ലംഘനം നടത്തിയ പ്രതികളെ ജയിലില്‍ നിന്നും മാറ്റുമെന്നും ഇതിനുവേണ്ടി കോടതിയുടെ അനുമതി തേടുമെന്നും കോഴിക്കോട് ജില്ലാജയില്‍ സന്ദര്‍ശിച്ച ശേഷം ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു.

ടിപി ചന്ദ്രശഖരന്‍ വധകേസിലെ 5 പ്രതികളെ ഉന്നത തല അനേ്വഷണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കി. കൂടാതെ 28 ജീവനക്കാരെ സ്ഥലം മാറ്റാനും തീരുമാനമായി. എന്നാല്‍ ജയില്‍ ഉദേ്യാഗസ്ഥരുടെ സ്ഥലമാറ്റം അച്ചടക്ക നടപടിയല്ലെന്നും ഭരണ നവീകരണത്തിന്റെ ഭാഗമാണെന്നും ഇതു സംബന്ധിച്ച ഉത്തരവില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പ്രതികള്‍ ചട്ട ലംഘനം നടത്തിയ സംഭവത്തില്‍ ജയില്‍ ഉദേ്യാഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി ജയില്‍ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറും.

ടിപി വധകേസിലെ പ്രതികള്‍ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയും ജയിലിനുള്ളില്‍ നിന്ന് എടുത്ത ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.