ജയിലിലെ മൊബൈല്‍ ഉപയോഗം അറിഞ്ഞല്ല ജയിലില്‍ പോയത്; കെ കെ ലതിക

k k lathikaകോഴിക്കോട് : ടിപി ചന്ദ്ര ശേഖരന്‍ വധ കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഉപയോഗിക്കുന്ന വാര്‍ത്ത താനറിഞ്ഞിരുന്നില്ലെന്നും ഇതറിയാതെയാണ് താന്‍ സന്ദര്‍ശനം നടത്തിയതെന്നും എംഎല്‍എ പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു തരത്തിലും ആക്ഷേപമില്ലാതെ പൊതു പ്രവര്‍ത്തനം നടത്തുന്ന തന്നെ ഈ രീതിയില്‍ ആക്രമിക്കുന്നത് എന്തിനാണെന്നും ലതിക എംഎല്‍എ ചോദിച്ചു. എംഎല്‍എ പദവി താന്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നും മോഹന്‍മാസ്റ്റര്‍ തന്റെ ഭര്‍ത്താവല്ലെങ്കിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിയമം അനുവദിക്കുന്നിടത്തോളം സന്ദര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു.

മോഹന്‍ മാസ്റ്ററുടെ ആരോഗ്യ സ്ഥിതി അനേ്വഷിക്കാനാണ് അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതെന്നും മറ്റു പ്രതികളെ കുറിച്ച് തനിക്ക് അറിയില്ലെന്നും എംഎല്‍എ പറഞ്ഞു.

കെകെ ലതികാ എംഎല്‍എ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്ന ദിവസം ജയില്‍ സന്ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അനേ്വഷിക്കുമെന്ന് ജയില്‍ ഡിജിപി അറിയിച്ചിരുന്നു. എന്നാല്‍ ലതിക എംഎല്‍എ ജയിലിലെത്തിയതില്‍ ദുരൂഹതയൊന്നുമില്ലെന്നും ജയിലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ലതികയുടെ കൈവശം ഉണ്ടായിരുന്നത് വസ്ത്രങ്ങള്‍ മാത്രമാണെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.