കേവലദേശീയതയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി ‘ജയഹേ’

നീനു

 മാലിന്യകുപ്പി തോട്ടിലേക്ക് വലിച്ചെറിഞ്ഞ് ജനലക്ഷങ്ങളുടെ കുടിക്കാനുള്ള അവകാശത്തെ ഹനിച്ചവന്‍ ദേശദ്രോഹിയല്ല.  ജീവജാലങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ മാനിക്കാതെ കാടും മേടും കയ്യേറി കോട്ടക്കെട്ടുന്നവന്‍ ദേശദ്രോഹിയല്ല. നേരം പുലരും മുമ്പ് വണ്ടിയെടുത്ത് ആരും കാണാതെ നടുറോഡില്‍ മാലിന്യം നിക്ഷേപിക്കുന്നവനും ദേശദ്രോഹിയല്ല. വീട്ടില്‍ കള്ളനോട്ടടിക്കുന്നവന്‍ പോലും കള്ളനോട്ടടിക്കാരന്‍ മാത്രമാണ്. അവിടെയും രാജ്യ ദ്രോഹിയെന്ന് അവനെ വിളിക്കാറില്ല

പക്ഷെ നിങ്ങള്‍ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നില്ലെന്നുണ്ടോ എങ്കില്‍ നിങ്ങളെ അവര്‍ ദേശ ദ്രോഹി എന്നു മാത്രമേ വിളിക്കൂ. നിങ്ങളോടവര്‍ പാകിസ്താനിലേക്ക് പോവാന്‍ ആക്രോശിക്കും. നിങ്ങളെ കമ്മ്യൂണിസ്‌റ്റെന്നും കാഫിറെന്നും വിളിച്ചെന്നിരിക്കും.

ഇത്തരത്തില്‍ ഇന്ത്യ മാഹാരാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍,  അക്രമം അഴിച്ചു വിടുന്ന ആള്‍ക്കൂട്ടത്തെ ഒരൊറ്റ ലഘു ചിത്രം കൊണ്ട് നേരിട്ടിരിക്കുകയാണ് സംഗീത നാടക അക്കാദമി അവാര്‍ഡ്  നേടിയ നാടകകൃത്തും എഴുത്തുകാരനുമായ റഫീഖ് മംഗലശ്ശേരി.
ദേശസ്‌നേഹത്തെ നിര്‍വ്വചിക്കാന്‍ ദേശീയ പതാകയും ദേശീയ ഗാനവും മാത്രമേന്തി വരുന്ന വാനരക്കൂട്ടത്തെ കണക്കറ്റ് കളിയാക്കുന്നതാണ് അദ്ദേഹത്തിന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ഹ്രസ്വചിത്രമായ ജയഹേ.
സ്‌കൂളില്‍ അവസാന ബെല്ലിന് മുമ്പുള്ള ദേശീയ ഗാനാലാപനത്തിനിടയില്‍ എന്തോ പ്രത്യേക കാരണത്താല്‍ അറ്റന്‍ഷനില്‍ നില്‍ക്കാതെ ഓടുന്നവനാണ് ജയഹേയുടെ കേന്ദ്ര കഥാപാത്രം. ആ ഓട്ടം മൊബൈലില്‍ പകര്‍ത്തുന്ന സ്‌കൂളിലെ പിയൂണ്‍  കുട്ടിയെന്ന പരിഗണന പോലും നല്‍കാതെ അവനോടുന്ന ദൃശ്യം ഫെയ്‌സ്ബുക്കിലിടുന്നിടത്താണ് കഥ തുടരുന്നത്.

തിരക്കിട്ട് ഓടുന്ന കുട്ടിയുടെ പശ്ചാത്തലത്തില്‍ ജനഗണമന കേള്‍ക്കാം. ഓടുന്ന കുട്ടി ഒരു കുട്ടി മാത്രമല്ലാതായി.  അവന്റെ മതവും ജാതിയും വര്‍ഗ്ഗവുമെല്ലാം വലിച്ചിഴയ്ക്കപ്പെട്ടു.അവന്‍ ദേശ ദ്രോഹിയായി.

വാനരസേന സ്‌കൂളിലേക്ക് കടന്നു വന്ന് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഗേറ്റില്‍ കാത്തുനില്‍പ്പാണ്. കുട്ടിയെ ചോദ്യം ചെയ്യാന്‍ പോലീസുമെത്തി.
രാജ്യദ്രോഹി എന്ന് പേടിപ്പിക്കുന്ന വാക്ക് കേട്ടു കൊണ്ട് അവന്‍ ഒടുവില്‍ ആ സത്യം പറഞ്ഞു. ആ സത്യം ദൃശ്യങ്ങളില്‍ വെളിപ്പെടുമ്പോള്‍  കേവലദേശീയവാദത്തിന്റെ പൊള്ളത്തരങ്ങള്‍ പൊളിഞ്ഞുവീഴുന്നു.

ദേശീയതയെന്നാല്‍ ദേശീയഗാനം എന്ന പര്യായത്തിലേക്ക് അടുത്തിടെ ചുവടുമാറിയ സാമൂഹിക മനോഭാവത്തെ വിമര്‍ശിക്കുന്ന ചിത്രം പിജെ ആന്റണി ഫൗണ്ടേഷന്‍ ഷോട്ട് ഫിലിം ഫെസ്റ്റിവലില്‍ ഒട്ടേറെ അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്്. മികച്ച സിനിമ, മികച്ച സംവിധാനം, മികച്ച സ്‌ക്രിപ്റ്റ്, മികച്ച ബാല നടന്‍, നടി, എഡിറ്റിങ്, സംഗീതം എന്നിവയുള്‍പ്പെടെ 7 അവാര്‍ഡുകള്‍.

മനു ബാലകൃഷ്ണനാണ് ചിത്രത്തിന്റെ എഡിറ്റര്‍. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതാവട്ടെ നിരഞ്ജനും. പ്രശസ്ത ഛായഗ്രാഹകന്‍ പ്രതാപ് ജോസഫാണ് ക്യാമറ ചെയ്തിട്ടുള്ളത്. കലസംവിധാനം പ്രണേഷ്.

സാമുഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ ഈ ഹ്രസ്വ ചിത്രം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.