ചക്ക ഷവര്‍മ,ചക്ക ബിരിയാണി, ചക്കപ്പായസം…. വ്യത്യസ്‌ത രുചികളൊരുക്കി ചക്കമഹോത്സവം

jackfruit-food-festivalവേങ്ങര; ഷവര്‍മ, ബിരിയാണി, പായസം, ഹലുവ, അട, അപ്പം, കട്‌ലറ്റ്‌ തുടങ്ങി 75 ഓളം വിഭവങ്ങള്‍, എല്ലാം ചക്ക ഉപയോഗിച്ച്‌ നിര്‍മിച്ചത്‌. ചേറൂര്‍ യത്തീംഖാന ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തിയ ചക്കമഹോത്സവത്തിലാണ്‌ കൊതിയൂറും വിഭവങ്ങള്‍ ഒരുക്കിയത്‌. ടൂറിസം ക്ലബ്ബിലെ അംഗങ്ങളായ 50 കുട്ടികളാണ്‌ വിഭവങ്ങള്‍ തയ്യാറാക്കിയത്‌.

ചക്കയില്‍ തീര്‍ത്ത വിഭവങ്ങളുടെയും വിവിധയിനം ചക്കകളുടെയും പ്രദര്‍ശനവും വില്‌പനയും മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. മായമില്ലാത്ത ഭക്ഷ്യവസ്‌തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പച്ചക്കറി, പഴം എന്നിവയില്‍ നിന്നും മൂല്യവര്‍ധിത ഉത്‌പന്നങ്ങള്‍ നിര്‍മിച്ച്‌ സ്വയംതൊഴില്‍ പരിശീലനത്തിനം നല്‍കുന്നതിന്റെയും ഭാഗമായാണ്‌ മഹോത്സവം നടത്തിയത്‌. പ്രദര്‍ശനം വീക്ഷിക്കാനെത്തിയവര്‍ക്കെല്ലാം നല്‍കിയത്‌ ചക്ക ഉത്‌പന്നങ്ങളായിരുന്നു. ചക്ക വിഭവങ്ങളുടെ ഗുണവും തയ്യാറാക്കുന്ന രീതിയും വിവരിച്ച്‌ കൈപുസ്‌തകവും വിദ്യാര്‍ഥികള്‍ പുറത്തിറക്കിയിട്ടുണ്ട്‌. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുസ്‌തകം പുറത്തിറക്കി എല്ലാ ടൂറിസം ക്ലബ്ബുകള്‍ക്കും വിതരണം ചെയ്യാന്‍ പദ്ധതിയുണ്ട്‌. മാതൃകപരമായ നിരവധി പദ്ധതികള്‍ യത്തീംഖാന സ്‌കൂള്‍ ടൂറിസം ക്ലബ്ബിന്റെ കീഴില്‍ നടത്തിയിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള അവാര്‍ഡ്‌ നേടിയത്‌ ചേറൂര്‍ സ്‌കൂളിനായിരുന്നു.

മഹോത്സവത്തിന്റെ ഉദ്‌ഘാടനം വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍ര്‌ കുണ്ടില്‍ സുലൈഖ നിര്‍വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ നെടുംമ്പള്ളി സെയ്‌ത്‌ അധ്യക്ഷനായി. ഡി.ടി.പി.സി സെക്രട്ടറി വി.ഉമ്മര്‍ കോയ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കാപ്പന്‍ അബ്ദുല്‍ ഗഫൂര്‍, മാനേജര്‍ എം.കെ മുഹമ്മദ്‌ കുട്ടി, അനില്‍കുമാര്‍, പി. അബൂബക്കര്‍, പക്കിയന്‍ അസീസ്‌ ഹാജി, കുട്ടി മൗലവി എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ്‌ കോഡിനേറ്റര്‍ കെ.ടി അബ്ദുല്‍ ഹമീദ്‌ സ്വാഗതവും വി.എസ്‌ ബഷീര്‍ നന്ദിയും പറഞ്ഞു.